കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നു; ചുരുക്കം ചില കടകളും തുറന്നുപ്രവര്‍ത്തിക്കുന്നു: പേരാമ്പ്ര മേഖലയില്‍ ഹര്‍ത്താല്‍ സമാധാനപരം



പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഹര്‍ത്താല്‍ ഭാഗികം. ബസ് സ്റ്റാന്റിലും പരിസരത്തും കടകളെല്ലാം പൂര്‍ണമായി അടഞ്ഞുകിടക്കുന്നുണ്ടെങ്കിലും മുളിയങ്ങല്‍, പാലേരി ഭാഗങ്ങളില്‍ ചില കടങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.

തൊട്ടില്‍പ്പാലം കോഴിക്കോട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയും സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതുവരെ മൂന്നുബസുകള്‍ തൊട്ടില്‍പ്പാലത്തേക്കും മൂന്ന് ബസുകള്‍ കോഴിക്കോട്ടേക്കും സര്‍വ്വീസ് നടത്തിയെന്ന് പേരാമ്പ്ര പൊലീസ് അറിയിച്ചു.

പ്രദേശത്ത് ഇതുവരെ അക്രമ സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുറന്ന കടകള്‍ അടപ്പിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സ്വകാര്യ വാഹനങ്ങള്‍ അധികം നിരത്തിലിറങ്ങിയില്ല. പ്രദേശത്തെ സ്‌കൂളുകളൊന്നും ഇന്ന് തുറന്നുപ്രവര്‍ത്തിക്കുന്നില്ല.

അതേസമയം ജില്ലയില്‍ പലയിടത്തും അക്രമസംഭവങ്ങള്‍ അരങ്ങേറി. കൊയിലാണ്ടിയില്‍ പുലര്‍ച്ചെ ലോറിയ്ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ കല്ലെറിഞ്ഞു. ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു.

താമരശ്ശേരിയിലും വ്യാപക അക്രമമാണ് അരങ്ങേറിയത്. തച്ചംപൊയിലില്‍ വാഹനങ്ങള്‍ക്ക് നേരെ വ്യാപക അക്രമത്തില്‍ പതിനഞ്ചിലധികം വാഹനങ്ങളുടെ ചില്ല് ഉടച്ചു. വട്ടക്കുണ്ട് പാലത്തിന് സമീപം ടയറുകള്‍ കൂട്ടിയിട്ട് റോഡില്‍ തീയിട്ടു.

ഹര്‍ത്താല്‍ വിവരം അറിയാതെ വന്ന തമഴ്നാട് തിരുപ്പൂര്‍ സ്വദേശിയുടെ പിക്കപ്പ് വാനിന്റെതടക്കം ഇതര സംസ്ഥാന വാഹനങ്ങളുടെ ചില്ലുകളും തല്ലിയുടച്ചു. ലോറികളും, ഓട്ടോറിക്ഷയുമടക്കം നിവധി വാഹനങ്ങള്‍ തകര്‍ത്തു.സംഭവങ്ങള്‍ നടന്നത് രാവിലെ 6 മണിക്കും, ഏഴു മണിക്കും ഇടയില്‍. അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തു.