സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂഴിത്തോട് താളിപ്പാറ; ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് വേഗം കൂട്ടാന്‍ തീരുമാനം
പെരുവണ്ണാമൂഴി: സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് താളിപ്പാറ. കരിങ്കണ്ണി, മാവട്ടം, രണ്ടാം ചീളി എന്നീ പ്രദേശങ്ങളിലെ കര്‍ഷകരുടെ ഭൂമി വനം വകുപ്പ് ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി ചേര്‍ന്ന വനം, റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ റീജിയണല്‍ യോഗത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനമായി.
താളിപ്പാറ, രണ്ടാംചീളി എന്നിവിടങ്ങളില്‍ ഭൂമി വിട്ടുനല്‍കുന്നവരുടെ എല്ലാ രേഖകളും പരിശോധിച്ച് കരാര്‍ രൂപപ്പെടുത്താനും തീരുമാനിച്ചു. മാവട്ടം, കരിങ്കണ്ണി പ്രദേശങ്ങളിലുള്ളവരുടെ രേഖകള്‍ പരിശോധിക്കുന്നതിനായി 17 ന് വീണ്ടും യോഗം നടക്കും.
വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍, വന്യജീവികളുടെ ശല്യത്താല്‍ ദുരിതം അനുഭവിക്കുന്നവര്‍ എന്നിവര്‍ തങ്ങളുടെ പട്ടയഭൂമി വനംവകുപ്പിന് കൈമാറി ഭൂമിക്ക് വില നല്‍കുന്നതാണ് സ്വയം സന്നദ്ധ പദ്ധതി.
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദീപ, ഡി.എഫ്.ഒ.എം.രാജീവന്‍, ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ.വി.ബിജു, സബ് രജിസ്ട്രാര്‍ പി.കെ.മുജീബ്, വില്ലേജ് ഓഫീസര്‍ അബ്ദുള്‍ സലാം, വാര്‍ഡ് മെമ്പർ സി.കെ.ശശി, ഡെപ്യൂട്ടി റെയിഞ്ചര്‍ ബൈജു നാഥ് എന്നിവര്‍ പങ്കെടുത്തു.