പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ബദല്‍റോഡ്; ഒത്തൊരുമിച്ച് നാട്, ചെമ്പനോടയില്‍ പ്രതിഷേധജ്വാല തീര്‍ത്ത് സമരസമിതി
പെരുവണ്ണാമൂഴി: പൂഴിത്തോട്, പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ബദല്‍റോഡ് പൂര്‍ത്തായാക്കണമെന്ന് ആവശ്യപ്പെട്ട് ചെമ്പനോടയില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. സമരസമിതി ചെമ്പനോട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധജ്വാല പ്രദേശത്തിന്റെയാകെ പ്രതിഷേധശബ്ദമായി.
ചെമ്പനോട പള്ളി വികാരി ഫാ. ഡോ. ജോണ്‍സന്‍ പാഴുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. റോഡ് പൂര്‍ത്തിയാക്കാനായി എല്ലാവരും കക്ഷിരാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ കെ.എ ജോസുകുട്ടി അധ്യക്ഷതവഹിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകള്‍ പങ്കാളികളായി. റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതുവരെ സമരമുഖത്ത് അണിനിരക്കാന്‍ പ്രതിജ്ഞയെടുത്തു.
പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ സി.കെ ശശി, പഞ്ചായത്തംഗം ലൈസ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. രാജീവ് തോമസ്, ഫ്രാന്‍സീസ് കിഴക്കരക്കാട്ട്, ജെയ്സണ്‍ ജോസഫ്, അഫറഫ് മിട്ടിലേരി, ലിപു കല്ലുപറമ്പില്‍, ജീമോന്‍ സ്രാമ്പിക്കല്‍, ജോബി ഇടച്ചേരില്‍, ടോമി വള്ളിക്കാട്ടില്‍, മനോജ് കുമ്പളാനി എന്നിവര്‍ നേതൃത്വം നല്‍കി.
പാതിവഴിയിലായ റോഡുനിര്‍മാണം പൂര്‍ത്തീകരിക്കാനായി പടിഞ്ഞാറത്തറയിലും പൂഴിത്തോട്ടിലും സമരസമിതി നേതൃത്വത്തില്‍ ജനുവരിമുതല്‍ അനിശ്ചിതകാലസമരത്തിലാണ്. മേഖലാതലത്തിലും സമരസമിതികള്‍ രൂപവത്കരിച്ച് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധജ്വാല സംഘടിപ്പിച്ചത്.