മാലിന്യം നിറഞ്ഞ് കറുപ്പ് നിറത്തില്‍ കരിമ്പനത്തോട്; ദുര്‍ഗന്ധവും ഒപ്പം കൊതുകുശല്യവും, ദുരിതത്തില്‍ പ്രദേശവാസികള്‍
വടകര: കരിമ്പനത്തോട്ടിലെ ഒഴുക്ക് നിലച്ചതോടെ പ്രദേശവാസികള്‍ വീണ്ടും ദുരിതത്തില്‍. നിലവില്‍ മാലിന്യം നിറഞ്ഞ് കറുപ്പുനിറത്തിലാണ് തോട്ടിലെ മലിനജലം. മാത്രമല്ല സന്ധ്യ കഴിഞ്ഞാല്‍ പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷമാണ്. കളരിയുള്ളതില്‍ ക്ഷേത്രത്തിലെ തിറയുത്സവം നാളെ തുടങ്ങാനിരിക്കെ കുറച്ച് ദിവസമെങ്കിലും മലിനജല പ്രശ്‌നത്തിന് പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിനായി കരിമ്പനത്തോട് സംരക്ഷണ സമിതി ചെയർമാൻ കെ.രമേശൻ, കൺവീനർ പി.എം വിജയൻ, ഭാരവാഹികളായ കെ.കെബൈജു, വി.കെ ശൈലേഷ്, ടി.ടി ലനീഷ് എന്നിവര്‍ ഇന്നലെ വടകര നഗരസഭാ ചെയര്‍പേഴ്‌സണെ കണ്ട് പ്രശ്‌ന പരിഹാരത്തിനായി സംസാരിച്ചു.
കരിമ്പനപ്പാലത്ത് കെടിഡിസിക്ക് മുൻവശം ദേശീയപാതയുടെ പാലം പണിക്ക് വേണ്ടി തോട് മണ്ണിട്ടു നികത്തിയത് നീക്കി വെള്ളമൊഴുക്ക് സുഗമമാക്കുക, കളരിയുള്ളതിൽ ക്ഷേത്രോത്സവം കഴിയും വരെ തോട്ടിലേക്ക് മലിനജലം ഒഴുക്കാതിരിക്കാൻ തടയണ കെട്ടുക, അടച്ച കുട്ട്യാമി ചീപ്പ് തുറന്ന് മലിനജലം ഒഴുകി പോകാനും വേലിയേറ്റ സമയത്ത് നല്ല വെള്ളം കയറാനും മാർഗമുണ്ടാക്കുക എന്നിവയായിരുന്നു പ്രധാനമായും ഉന്നയിച്ച ആവശ്യം. വടകരയിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായ കളരിയുള്ളതില്‍ ക്ഷേത്രത്തിലേക്ക് പ്രദേശവാസികളുടെ ബന്ധുക്കള്‍ എത്തുമ്പോള്‍ വീട്ടില്‍ നിന്നും ഭക്ഷണമോ മറ്റും കഴിക്കാന്‍ പറ്റാത്ത അത്ര ദുര്‍ഗന്ധമാണുള്ളത്. സംരക്ഷണസമിതിയുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ തന്നെ ചെയര്‍പേഴ്‌സണ്‍ പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഇതിന്റെ ഭാഗമായി നഗരസഭാ വൈസ് ചെയർമാൻ പി.കെ സതീശൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി പ്രജിത, കൗൺസിലർ ടി.കെ പ്രഭാകരൻ, വാർഡ് കൗൺസിലർ കെ.എം ഷൈനി ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. ചില ഹോട്ടലുകളിൽനിന്ന് മലിനജലം ഒഴുക്കുന്നതായും ദേശീയപാതയിലെ നിർമാണപ്രവൃത്തിയോടനുബന്ധിച്ച് വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സം നേരിട്ടതായും ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് നഗരസഭ ക്ലീൻസിറ്റി മാനേജർ കെ.പി രമേശൻ, നാഷണൽ ഹൈവേ അതോറിറ്റി എൻജിനിയർ എന്നിവർക്ക് നഗരസഭ നിർദേശം നൽകിയതായും പി.കെ സതീശൻ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ തന്നെ മലിനജലം ഒഴുകിയെത്തുന്ന ഭാഗങ്ങളില്‍ രണ്ട് ലോഡ് മണ്ണിട്ടു. ഇന്ന് 10മണിക്ക് ശേഷം കുറച്ച് ഭാഗങ്ങളില്‍ കൂടി മണ്ണിടും.
Description: Pollution is severe in vadakara Karimbanathod