കാര്‍ മോഷണക്കേസ് പ്രതിയെ പിടികൂടാന്‍ വീട്ടിലെത്തി; കോഴിക്കോട് പൊലീസുകാരെ പ്രതി വെട്ടി പരിക്കേൽപ്പിച്ചു


കോഴിക്കോട്: കാരശ്ശേരി വലിയ പറമ്പിൽ പ്രതിയെ പിടിക്കാൻ എത്തിയ പോലീസുകാർക്ക് വെട്ടേറ്റു. കാർ മോഷണക്കേസിലെ പ്രതിയായ കാരശ്ശേരി വലിയപറമ്പ് സദേശി അർഷാദാണ് പൊലീസുകാരെ വെട്ടി പരിക്കേൽപ്പിച്ചത്. ഇന്ന് വൈകീട്ട് 3.30ഓടെ പ്രതിയുടെ കാരശ്ശേരിയിലെ വീട്ടിൽ വെച്ചാണ് സംഭവം.

വയനാട് എസ്പിയുടെ സ്ക്വാഡ് അം​ഗങ്ങളായ സി.പിഒ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്‌. രണ്ടു പേരുടെയും കൈക്കാണ് വെട്ടേറ്റത്. ഇവരെ മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മൂന്ന് പേരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടാൻ എത്തിയത്. വിപിൻ എന്ന പോലീസുകാരൻ കുറച്ച് ദൂരെ ആയിരുന്നതിനാൽ വെട്ടേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വയനാട് കല്പറ്റയില്‍ നിന്നാണ് പ്രതി കാര്‍ മോഷ്ടിച്ചത്‌.

Description: Policemen attacked while trying to arrest car theft suspect in Kozhikode