കവര്‍ച്ച ആസൂത്രണം ചെയ്തത് തിക്കോടി ബീച്ചില്‍; ബാഗും പര്‍ദ്ദയും തുറശ്ശേരിക്കടവില്‍ ഉപേക്ഷിച്ചു; കൊയിലാണ്ടിയില്‍ കവര്‍ച്ചാ നാടകം നടത്തി പണം തട്ടിയ കേസില്‍ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്


കൊയിലാണ്ടി: കള്ളക്കഥയുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസ്സില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും, തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പോലീസ് സമര്‍പ്പിച്ച അപേക്ഷയില്‍ മൂന്ന് ദിവസത്തയ്ക്കാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തിക്കോടി കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, മോഷണം ആസൂത്രണം ചെയ്ത തിക്കോടി ബീച്ച്, ബാഗും പര്‍ദ്ദയും ഉപേക്ഷിച്ച തുറശ്ശേരികടവ് പാലം എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

പ്രതികള്‍ പണയം വെച്ച സ്വര്‍ണ്ണം വരും ദിവസങ്ങളില്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കൊയിലാണ്ടി സബ്ബ് ജയിലിലാണ് പ്രതികള്‍ കഴിഞ്ഞിരുന്നത്. ഒക്ടോബര്‍ 18നാണ് പ്രതികള്‍ കവര്‍ച്ചാ നാടകം നടത്തി 72ലക്ഷം രൂപ തട്ടിയത്. പയ്യോളി ബീച്ച് സുഹാന മന്‍സില്‍ സുഹൈല്‍, തിക്കോടി കോടിക്കല്‍ ഉമ്മര്‍ വളപ്പില്‍ താഹ, തിക്കോടി കോടിക്കല്‍ പുളിവളപ്പില്‍ യാസര്‍ എന്നീ പ്രതികളെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്.

കൊയിലാണ്ടി സി.ഐ, ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്യത്തിലായിരുന്നു തെളിവെടുപ്പ്. സംഭവം നടന്ന അരിക്കുളം ഭാഗത്ത് നിന്നു മുതല്‍ കാട്ടിലപീടികവരെ നൂറോളം സി.സി.ടി.വി.കള്‍ പരിശോധിക്കുകയും ചെയ്തു. സുഹൈലിന്റെ കാറിനു പിന്നിലായി കവര്‍ച്ചാ സംഘത്തിലുള്ളവര്‍ പിന്തുടര്‍ന്നതായി ദൃശ്യങ്ങളില്‍ കണ്ടതോടെ പോലീസിനു കാര്യങ്ങള്‍ മനസ്സിലായി. എന്നാല്‍ ചോദ്യം ചെയ്യലില്‍ സുഹൈല്‍ സഹകരിച്ചിരുന്നില്ല. പോലീസിന് കാര്യങ്ങള്‍ വ്യക്തമായി എന്നറിഞ്ഞതോടെയാണ് സുഹൈല്‍ എല്ലാ കാര്യങ്ങളും പോലീസിനോട് തുറന്നു പറഞ്ഞത്.

വണ്‍ ഇന്ത്യ എ.ടി.എം കമ്പനിയുടെതായിരുന്നു പണം സാധാരണയായി. ബൈക്കിലാണ് പണം കൊണ്ടു പോകാറുള്ളത്. അന്നേ ദിവസം കാറിലാണ് പോയത്. സുഹൈല്‍ ഒറ്റയ്ക്കായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. 62ലക്ഷം രൂപ ബാങ്കുകളില്‍ നിന്നും സുഹൈല്‍ പിന്‍വലിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ മനസ്സിലാക്കി. 62 ലക്ഷം രൂപയാണ് കൃത്യമായി നഷ്ടമായത്. എ.ടി.എം കരാര്‍ എടുത്ത മുഹമ്മദ് 72 ലക്ഷം രൂപ പോയതായാണ് പോലീസില്‍ മൊഴി നല്‍കിയത്. വില്യാപ്പിള്ളിയിലെ ഒരു ആരാധാനാലയത്തില്‍ നിന്നും 37 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഇതിനു പുറമെ താഹ മറ്റൊരാള്‍ക്ക് നല്‍കിയ അഞ്ച് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കി പണം കണ്ടെടുക്കാനുണ്ട്.

സുഹൈലിനെ കാറില്‍ കെട്ടിയിട്ട് പണം കവര്‍ന്നു എന്നായിരുന്നു പരാതി. അരിക്കുളം കുരുടിമുക്കില്‍ നിന്നും കാറില്‍ പണവുമായി വരവെ കാറിനു മുന്നില്‍ ചാടിയവര്‍ മുളക് പൊടി വിതറിയെന്നും പിന്നീട് ഒന്നും ഓര്‍മ്മയില്ലെന്നും 25 ലക്ഷം നഷ്ടപ്പെട്ടെന്നുമാണ് സുഹൈല്‍ പറഞ്ഞത്. കാട്ടില്‍ പീടികയില്‍ കാറില്‍ കെട്ടിയിട്ട നിലയിലാണ് നാട്ടുകാര്‍ സുഹൈലിനെ കണ്ടെത്തിയത്. ശരീരത്തിലും സുഹൈലിന്റെ കാറിലും മുളക് പൊടി വിതറിയിരുന്നു.

വണ്‍ ഇന്ത്യാ എടിഎം കരാര്‍ ജീവനക്കാരനാണ്. സുഹൈലിന്റെ പരാതിയില്‍ സംശയം തോന്നിയ പോലീസ് അന്വേഷണം ഞൊടിയിടയില്‍ തന്നെ ആരംഭിച്ചു. സുഹൈലിന്റെ മൊഴില്‍ തുടക്കത്തിലെ സംശയം തോന്നിയ. പോലീസ് അന്വേഷം പുരോഗമിച്ചതോടെ പരാതിക്കാരന്‍ തന്നെ പ്രതിയാവുകയായിരുന്നു. സുഹൈലിന്റെ കള്ളക്കഥകള്‍ പൊളിയുകയും ചെയ്തു. താഹയും സുഹൈലുമാണ് മോഷണം ആസൂത്രണം ചെയ്തത്.

Summary: The robbery was planned at Thikodi Beach; The bag and veil were left at Thurasserikad; Police taking evidence with the accused in the robbery drama in Koyilandi