പേരാമ്പ്രയുടെ ക്രമസമാധാനം ഇനി വിഷ്ണു പ്രദീപ് ഐപിഎസിന്‍റെ നിരീക്ഷണത്തിൽ; പുതിയ എഎസ്പി ഉടന്‍ ചുമതലയേല്‍ക്കും
പേരാമ്പ്ര: തലശ്ശേരി എ.എസ്.പിയായിരുന്ന ടി.കെ. വിഷ്ണു പ്രദീപിനെ പേരാമ്പ്ര എ.എസ്.പിയായി നിയമിച്ചു. ഇനി പേരാമ്പ്രയുടെ ക്രമസമാധാന പരിലന ചുമതല ഈ യുവതലമുറ പോലീസുകാരന്‍ നിര്‍വ്വഹിക്കും.
പേരാമ്പ്ര ഡി.വൈ.എസ്.പി ആയിരുന്ന ജയന്‍ ഡൊമനിക്ക് കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ആയി സ്ഥലം മാറിയതിനെ തുടര്‍ന്നാണ് വിഷ്ണു പ്രസാദ് എ.എസ്.പി ആയി ചുമതലയേല്‍ക്കുന്നത്. പേരാമ്പ്ര, മേപ്പയ്യൂര്‍, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, ബാലുശ്ശേരി, അത്തോളി എന്നീ സ്റ്റേഷനുകളാണ് എ.എസ്.പിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നത്.
ഹൈദരാബാദ് പോലീസ് അക്കാദമിയില്‍ രണ്ടുവര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് വിഷ്ണു കേരള കാഡറില്‍ എ.എസ്.പി ട്രെയിനിയായി സര്‍വ്വീസിലെത്തിയത്. കേരള പോലീസ് കാഡറില്‍ ഒറ്റപ്പാലം എ.എസ്.പിയായി 2020 ലാണ് ചുമതലയേറ്റത്. പിന്നീട് തലശ്ശേരിയിലും ചുമതല വഹിച്ചശേഷമാണ് പേരാമ്പ്രയിലേക്ക് വരുന്നത്.
കാഞ്ഞങ്ങാട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ടി.കെ.സുധാകരന്‍ – എല്‍സ ദമ്പതികളുടെ മൂത്ത മകനാണ്.
സംസ്ഥാന തലത്തില്‍ പോലീസില്‍ എ.ഡി.ജി.പി റാങ്കിലുള്ളവര്‍ ഉള്‍പ്പെടെ ഐ.പി.എസ് തലത്തില്‍ വന്‍ അഴിച്ചുപണിയുടെ ഭാഗമായാണ് സ്ഥലം മാറ്റം.
പാല എ.എസ്.പിയായിരുന്ന നിതിന്‍രാജാണ് തലശ്ശേരിയിലെ പുതിയ എ.എസ്.പി.
കോഴിക്കോട് റൂറല്‍ ജില്ല പോലീസ് മേധാവിയായിരുന്ന എ. ശ്രീനിവാസിനെ സ്പെഷല്‍ ബ്രാഞ്ച് സെക്യൂരിറ്റിയിലേക്ക് മാറ്റി. ഇടുക്കി പോലീസ് മേധാവിയായിരുന്ന ആര്‍. കറുപ്പുസ്വാമിയാണ് പുതിയ കോഴിക്കോട് റൂറല്‍ പോലീസ് മേധാവി. പകരം കൊച്ചി സിറ്റി ഡി.സി.പിയായിരുന്ന വി.യു. കുര്യാക്കോസിനെ ഇടുക്കി പോലീസ് മേധാവിയായി നിയമിച്ചു.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായിരുന്ന മനോജ് എബ്രഹാമാണ് പുതിയ വിജിലന്‍സ് ഡയറക്ടര്‍. ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പിയായിരുന്ന കെ. പത്മകുമാറാണ് പകരം പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.