ആള്‍മാറാട്ടം നടത്തിയ കോഴിക്കോട് ഹോട്ടലില്‍ സ്ത്രീയ്‌ക്കൊപ്പം മുറിയെടുത്തു; മുഴുവന്‍ വാടകയും നല്‍കാതെ മുങ്ങിയ ഗ്രേഡ് എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍



കോഴിക്കോട്:
ആള്‍മറാട്ടം നടത്തി ഹോട്ടലില്‍ മുറിയെടുത്ത് മുഴുവന്‍ വാടകയും നല്‍കാതെ പോയ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്.ഐക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്.ഐ ജയരാജനെയാണ് സസ്‌പെന്റ് ചെയ്തത്.

കോഴിക്കോട് ലിങ്ക് റോഡിലുള്ള ലോഡ്ജില്‍ ഒരു സ്ത്രീയോടൊപ്പം മുറിയെടുത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുറിവാടകയില്‍ ഇളവ് നേടിയെന്നായിരുന്നു ഇയാള്‍ക്കെതിരായ ആരോപണം. ഒരു സ്ത്രീയോടൊപ്പം ലോഡ്ജിലെത്തിയ ജയരാജന്‍ ലോഡ്ജില്‍ മുറിയെടുത്തു. എന്നാല്‍ മുറിയുടെ വാടക കുറച്ചുകിട്ടാനായി, ദുരുദ്ദേശ്യത്തോടെ ടൗണ്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറാണെന്ന് ലോഡ്ജ് ജീവനക്കാരോട് സ്വയം പരിചയപ്പെടുത്തി. ഇതുവഴി 2500 രൂപ ദിവസ വാടകയുള്ള എ.സി മുറിയില്‍ താമസിക്കുകയും ചെയ്തു. തുടര്‍ന്ന് മുറി വെക്കേറ്റ് ചെയ്യുമ്പോള്‍, 1000 രൂപ മാത്രം നല്‍കി മടങ്ങി.

പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുറിവാടകയിനത്തില്‍ 1500 രൂപയുടെ ആനുകൂല്യം അനര്‍ഹമായി കൈപ്പറ്റി, ഇത് ഗ്രേഡ് എസ്.ഐ ജയരാജന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അച്ചടക്ക ലംഘനവും, സ്വഭാവ ദൂക്ഷ്യവും ആണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടുന്നതായും സസ്‌പെഷന്‍ റിപ്പോര്‍ട്ടിലെ സൂചനയില്‍ പറയുന്നുണ്ട്.

ഇതുസംബന്ധിച്ച കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാ നടപടി. ഇതുവഴി ഗുരുതരമായ അച്ചടക്കലംഘനം, സ്വഭാവ ദൂക്ഷ്യം എന്നിവ കാണിച്ചതായും ജയരാജന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ കോഴിക്കോട് റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ മൂന്ന് സ്ഥലം മാറ്റത്തിന് പിന്നാലെയാണ് എസ്.ഐയ്ക്ക് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഇടപെടലിനെ തുടര്‍ന്ന് ആദ്യ സ്ഥലം മാറ്റം റദ്ദ് ചെയ്ത് കോഴിക്കോടേക്ക് എസ്.ഐയായി മടക്കി കൊണ്ടുവന്ന കമീഷണറുടെ നടപടി വിവാദമായതോടെയാണ് ഉത്തര മേഖല ഐജിക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ജയരാജനെ വീണ്ടും വയനാട്ടിലേക്ക് സ്ഥലം മാറ്റിയതും തൊട്ടുപിന്നാലെ സസ്‌പെന്‍ഷന്‍ ലഭിച്ചതും.