കൂരാച്ചുണ്ടിൽ ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തിയതിന് പിന്നാലെ മുറിയ്ക്കുള്ളിൽ കയറി ആത്മഹത്യാ ശ്രമം; നിർണായക സമയത്ത് സ്വന്തം ജീവൻ പോലും നോക്കാതെ ഇടപെട്ട് കൂത്താളി സ്വദേശിയായ പൊലീസ് ഓഫീസർ
പേരാമ്പ്ര: വീട് ജപ്തി ചെയ്യുന്നതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടുടമയെ സ്വജീവൻ പണയംവെച്ച് രക്ഷിച്ച് പേരാമ്പ്ര സ്വദേശിയായ പൊലീസ് ഓഫീസർ. കൂരാച്ചുണ്ട് സ്റ്റേഷനിലെ സി.പി.ഒയും കൂത്താളി സ്വദേശിയുമായ സജിത്ത് നാരായണനാണ് സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാനായി തക്ക സമയത്ത് ഇടപെട്ടത്.
ഇന്നലെ ഉച്ചയോടെ കൂരാച്ചുണ്ട് പൂവത്തുംചോലയിലായിരുന്നു സംഭവം. കോടതി വിധി പ്രകാരം പൂവത്തുംചോല സ്വദേശിയായ സന്തോഷിന്റെ വീട് ജപ്തി ചെയ്യാനെത്തിയതായിരുന്നു അഡ്വ.കമ്മീഷനും സംഘവും. ഇവിടെ ആമീൻ എയ്ഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതായിരുന്നു സജിത്ത്.
വീട്ടിലെത്തി വീട്ടുടമയെ കാര്യങ്ങൾ വിശദീകരിച്ച് ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ, അദ്ദേഹം പെട്ടെന്ന് അകത്തുകയറി വാതിലടച്ചു. മുറിയ്ക്കുള്ളിൽ നേരത്തെ കരുതിവെച്ച ഡീസലും പെട്രോളും സ്വയം ദേഹത്തൊഴിക്കുകയും ചെയ്തു. ലൈറ്ററെടുത്ത് കത്തിക്കാനായി ശ്രമിക്കുന്നത് ജനലിലൂടെ കണ്ട സജിത്ത് ഉടൻ തന്നെ വാതിൽ ചവിട്ടിത്തുറന്ന് വീട്ടുടമയെ രക്ഷിക്കുകയായിരുന്നു. തുടർന്ന് വീട്ടുടമയെ എല്ലാവരും ചേർന്ന് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയായിരുന്നു.
നിർണായക സമയത്ത് സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെ ഇടപെട്ട സജിത്തിന് നാട്ടുകാരുടെയും സേനയുടെയും അഭിനന്ദന പ്രവാഹമാണ്.