”വാതില്‍പൂട്ടി വീട്ടുടമ നേരത്തെ കരുതിവെച്ച ഡീസലും പെട്രോളും ദേഹത്തൊഴിക്കുന്ന കാഴ്ചയാണ് ജനലിലൂടെ കണ്ടത്, അപ്പോഴൊന്നും ആലോചിക്കാനുള്ള സമയമായിരുന്നില്ല” വീട് ജപ്തിയില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ രക്ഷിച്ച കൂത്താളി സ്വദേശിയായ പൊലീസുകാരന്‍ പറയുന്നു
പേരാമ്പ്ര: ”വാതില്‍പൂട്ടി വീട്ടുടമ നേരത്തെ കരുതിവെച്ച ഡീസലും പെട്രോളും ദേഹത്തൊഴിക്കുന്ന കാഴ്ചയാണ് ജനലിലൂടെ കണ്ടത്, അപ്പോഴൊന്നും ആലോചിക്കാനുള്ള സമയമായിരുന്നില്ല” ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചയാളെ രക്ഷപ്പെടുത്തിയ കൂത്താളി സ്വദേശിയായ സജിത്ത് നാരായണന്റെ വാക്കുകളാണിത്. അങ്ങനെ എടുത്ത് ചാടിയാല്‍ എനിക്കും അപകടം പറ്റാമെന്നൊന്നും ആ സമയത്ത് മനസിലുണ്ടായിരുന്നില്ല, അയാളെ രക്ഷപ്പെടുത്തുകയെന്നത് മാത്രമായിരുന്നു ചിന്തയെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
കൂത്താളി സ്വദേശിയാണ് സജിത്ത്. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനില്‍ സി.പി.ഒ ആയി സേവനമനുഷ്ഠിക്കുകയാണ്. ആമിന്‍ എയ്ഡായാണ് അദ്ദേഹം കൂരാച്ചുണ്ട് പൂവ്വത്തുംചോലയിലെ സന്തോഷിന്റെ വീട്ടിലെത്തിയത്.
കോടതി വിധി പ്രകാരം സന്തോഷിന്റെ വീട് ജപ്തി ചെയ്യാനെത്തിയതായിരുന്നു അഡ്വ.കമ്മീഷനും സംഘവും. വീട്ടിലെത്തി വീട്ടുടമയെ കാര്യങ്ങള്‍ വിശദീകരിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കെ, അദ്ദേഹം പെട്ടെന്ന് അകത്തുകയറി വാതിലടക്കുകയായിരുന്നെന്ന് സജിത്ത് പറയുന്നു.
മുറിയ്ക്കുള്ളില്‍ നേരത്തെ കരുതിവെച്ച ഡീസലും പെട്രോളും സ്വയം ദേഹത്തൊഴിക്കുകയും ചെയ്തു. ലൈറ്ററെടുത്ത് കത്തിക്കാനായി ശ്രമിക്കുന്നത് ജനലിലൂടെ കണ്ട സജിത്ത് ഉടന്‍ തന്നെ വാതില്‍ ചവിട്ടിത്തുറന്ന് വീട്ടുടമയെ രക്ഷിക്കുകയായിരുന്നെന്നും സജിത്ത് പറഞ്ഞു.