ലഹരി വസ്തുക്കളുടെ വില്പനയ്ക്കും വിതരണത്തിനും വിലങ്ങു വീഴും; പേരാമ്പ്രയില്‍ ശക്തമായ റെയ്ഡുമായി പോലീസ് എക്സൈസ് സംഘം
പേരാമ്പ്ര: ലഹരി വസ്തുക്കളുടെ വില്‍പ്പനയും വിതരണവും തടയിടുന്നതിനായി പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും വ്യാപക റെയ്ഡ്. ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ മേല്‍നോട്ടത്തില്‍ പോലീസ് സംഘവും എക്സൈസ് സംഘവും ഡോക്‌സ്‌കോഡും സംയുക്തമായാണ് പരിശോധന നടത്തിയത്.
പേരാമ്പ്ര മേഖലകളിലും ടൗണ്‍ കേന്ദ്രീകരിച്ചും ലഹരി വസ്തുക്കളുടെ വില്പനയും വിതരണവും ഉപയോഗവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് പറഞ്ഞു. പേരാമ്പ്ര ബസ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, കല്ലോട്, പാണ്ടിക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെയും ഇന്നുമായി പരിശോധന നടത്തിയത്.
ലഹരി വസ്തുക്കളുടെ വിതരണ സംഘങ്ങളുടെ പ്രത്യേക ലിസ്റ്റുണ്ടാക്കി ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ സുദീപ് കുമാറി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജോദേഷ്, മണിലാല്‍, സജീവന്‍, ബിനീഷ്, ബാബു എന്നിവരടങ്ങിയ പോലീസ് സംഘവും എക്സൈസ് ഇന്‍സ്പെക്ടര്‍ സുദീപ് കുമാറിന്റെ നേതൃത്വത്തില്‍ നൈജീഷ്, അഹമ്മദ്, സബീര്‍ അലി എന്നിവര്‍ ഉള്‍പ്പെട്ട എക്സൈസ് സംഘവും. ഡോഗ് സ്‌ക്വാഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.