ബാലുശ്ശേരിയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം: എസ്.ഡി.പി.ഐ പ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നടത്താനിരുന്ന മാര്‍ച്ചിനും പൊതുയോഗത്തിനും അനുമതി നൽകാതെ പൊലീസ്, സ്ഥലത്ത് സംഘർഷാവസ്ഥ


ബാലുശേരി: ബാലുശേരിയിലെ ആള്‍ക്കൂട്ട ആക്രണത്തിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ്. പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിനും പൊതുയോഗത്തിനും അനുമതി നിഷേധിക്കുകയായിരുന്നു. ബാലുശ്ശേരിയിൽ ജിഷ്ണു എന്ന യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിനു പുറകിൽ എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

പരിപാടിക്കായി തയാറാക്കിയ മൈക്ക് സെറ്റും ബാലുശേരി പൊലീസ് പിടിച്ചെടുത്തു. ഇതോടെ പ്രദേശത്ത് എസ്ഡിപിഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇതിനെ തുടർന്ന് സ്ഥലത്തുണ്ടാകാവുന്ന സംഘർഷം കണക്കിലെടുത്താണ് പോലീസ് അനുമതി നിഷേധിച്ചത്.

ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പില്‍ ജിഷ്ണു ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമിക്കപ്പെട്ടത്. കൂട്ടുകാരന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്ക് തടഞ്ഞു നിര്‍ത്തി ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഡി.പി.ഐ പോസ്റ്റര്‍ കീറി എന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. ജിഷ്ണു സഞ്ചരിച്ച ബൈക്ക് തകര്‍ത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിട്ടു. വയലിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പേരാമ്പ്ര ന്യൂസ് ഡോട് കോം പുറത്തുവിട്ടിരുന്നു.