ലഹരി ഉപയോഗിക്കാറില്ല; നടൻ ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനൊരുങ്ങി പൊലീസ്, ഫോൺ സന്ദേശങ്ങളും ഗൂഗിൾ പേ ഇടപാടുകളും പരിശോധിക്കുന്നു
കൊച്ചി: രാസ ലഹരിയും നിരോധിത ലഹരിയും ഉപയോഗിക്കാറില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നും നടൻ ഷൈൻ ടോം ചാക്കോ. പോലിസിന്റെ ചോദ്യം ചെയ്യലിലാണ് ഷൈൻ ഇക്കാര്യം വ്യക്തമാക്കിയത്.കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഡാൻസാഫ് സംഘം എത്തിയപ്പോൾ ഷൈൻ ഓടി രക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് ചോദ്യം ചെയ്യാനായി ഷൈനിനെ വിളിച്ചുവരുത്തിയത്.
നടനെ വൈദ്യപരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പോലിസ്. ചോദ്യം ചെയ്യലിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പൊലീസ് വ്യക്തമാക്കി.ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറിലധികം പിന്നിട്ടു. ഹോട്ടലിൽ വന്നത് ഗുണ്ടകളെന്ന് കരുതി പേടിച്ചാണ് താൻ ഡാൻസാഫ് സംഘം എത്തിയപ്പോൾ ഓടിയതെന്ന് ഷൈൻ മൊഴി നൽകി. പൊലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടൻ തമിഴ്നാട്ടിലേക്ക് പോയിരുന്നുവെന്നും ഷൈൻ മൊഴിയിൽ പറയുന്നു.

ഷൈനിന്റെ ഫോൺ സന്ദേശങ്ങളും ഗൂഗിൾ പേ ഇടപാടുകളും ആണ് നിലവിൽ പൊലീസ് പരിശോധിക്കുന്നത്. സെൻട്രൽ എ.സി.പി സി.ജയകുമാർ, നാർക്കോട്ടിക് എ.സി.പി കെ. എ അബ്ദുൽസലാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.