കലാലയങ്ങളിലെ കവികൾക്കായി 20ന് വടകരയിൽ കാവ്യോത്സവം


വടകര: വടകര സാഹിത്യവേദിയുടെ നേതൃത്വത്തിൽ വടകരയിൽ കാവ്യോത്സവം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ 9.30 മുതൽ വടകര മുനിസിപ്പൽ പാർക്കിലാണ് പരിപാടി സംഘടിപ്പിക്കുന്നത്‌. ജില്ലയിലെ 20 കോളേജുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. യുവകവികൾ നിരീക്ഷകരായും എത്തും. രാവിലെ 9.30-ന് ഡോ.കെ.പി മോഹനൻ ശില്പശാല ഉദ്ഘാടനം ചെയ്യുമെന്ന് സാഹിത്യവേദി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

10.45-ന് പാനൽ ചർച്ച-‘കവിത, അതിർത്തികൾ, ആകാശങ്ങൾ.’ ഒ.പി. സുരേഷ്, രാജേന്ദ്രൻ എടത്തുംകര, സോമൻ കടലൂർ, നിഷി ജോർജ് എന്നിവർ പങ്കെടുക്കും. 11.45-ന് കവിതയുടെ നടനമുദ്രകൾ എന്ന വിഷയത്തിൽ കെ.വി. സജയ് സംസാരിക്കും.

12.15-ന് പുതുവഴി നീ വെട്ടുന്നാകിൽ എന്ന വിഷയത്തിൽ സുകുമാരൻ ചാലിഗദ്ദ, ദുർഗാപ്രസാദ്, ധന്യ വേങ്ങച്ചേരി എന്നിവർ സംസാരിക്കും. രണ്ടുമണിക്ക് കവിതയെ പാട്ടിലാക്കുമ്പോൾ എന്ന വിഷയത്തിൽ ചർച്ച. 2.45-ന് കാവ്യാലോചന, ക്യാമ്പംഗങ്ങളുടെ കവിത അവതരണം, 3.45-ന് പോയട്രി പെർഫോമൻസ്, 4.30-ന് ശില്പശാല അവലോകനം, തുടര്‍ന്ന് സമാപനം.

പത്രസമ്മേളനത്തിൽ സാഹിത്യവേദി പ്രസിഡന്റ് കവി വീരാൻകുട്ടി, ജനറൽ സെക്രട്ടറി പുറന്തോടത്ത് ഗംഗാധരൻ, ടി.കെ. വിജയരാഘവൻ, പി.പി. രാജൻ എന്നിവർ പങ്കെടുത്തു.

Description: Poetry Festival at Vadakara on 20th