കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി.പി.രാജീവന്‍ അന്തരിച്ചു


പേരാമ്പ്ര: പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി.രാജീവന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. പേരാമ്പ്ര പാലേരി സ്വദേശിയാണ്.

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരക്കാര്‍ എന്നിവയാണ് പ്രധാനപ്പെട്ട നോവലുകള്‍. ഇതില്‍ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും ചലചിത്രമായി ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ
കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ കവിതകളെഴുതിത്തുടങ്ങിയ രാജീവന് യുവകവികള്‍ക്കുള്ള വി.ടി കുമാരന്‍ പുരസ്‌കാരവും 2008-ലെ ലെടിംഗ് ഹൗസ് ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടുകയും ചെയ്തു. മലയാളത്തിലും ഇംഗ്ലീഷിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാ വിവരണങ്ങള്‍, ലേഖന സമാഹാരം, നോവല്‍ എന്നിങ്ങനെ സാഹിത്യ മേഖലയില്‍ നിരവധി സംഭാവനകള്‍ ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് ടി.പി രാജീവന്‍.

വടക്കുമ്പാട് ഹൈസ്‌കൂള്‍, ഗുരുവായൂരപ്പന്‍ കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബിരുദപഠനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തു. പിന്നീട് കാലിക്കറ്റ് സര്‍വ്വകലാശാല പി.ആര്‍.ഒ ആയിരുന്നു. കെ.സി.ജോസഫ് സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും പ്രവര്‍ത്തിച്ചു.

റിട്ട.അധ്യാപകനായ തച്ചംപൊയില്‍ രാഘവന്‍ നായരുടേയും ദേവി അമ്മയുടേയും മകനായി 1959ലാണ് ജനനം. നടുവണ്ണൂരിനടുത്ത് കോട്ടൂരിലെ നരയംകുളത്താണ് ഇപ്പോള്‍ താമസം. ഭാര്യ: പി.ആര്‍.സാധന. മക്കള്‍: ശ്രീദേവി, പാര്‍വ്വതി.

സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍. രാവിലെ ഒന്‍പതു മുതല്‍ 11 വരെ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം.

summary: poet, novelist and screenwriter T P Rajeevan passed away