അപേക്ഷയിൽ തിരുത്തൽ വരുത്താം, കൂട്ടിച്ചേർക്കാം; പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയം നീട്ടി


കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റിനുള്ള സമയം നീട്ടി. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് ട്രയല്‍ അലോട്ട്‌മെന്റിനായുള്ള സമയം നീട്ടിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി.

ഇതോടെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ വരുത്താന്‍ കൂടുതല്‍ സമയം ലഭിക്കും. ആദ്യ ദിവസം സെര്‍വര്‍ തകരാറ് മൂലം പല വിദ്യാര്‍ത്ഥികള്‍ക്കും വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ന് വൈകീട്ട് അഞ്ച് മണി വരെയായിരുന്നു ട്രയല്‍ അലോട്ട്‌മെന്റിനായുള്ള സമയം. ഇത് നീട്ടില്ല എന്നും നേരത്തേ പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ട്രയല്‍ അലോട്ട്‌മെന്റിനുള്ള സമയം നീട്ടണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വകുപ്പ് തീരുമാനം മാറ്റിയത്.

വെള്ളിയാഴ്ച രാവിലെയാണ് ട്രയല്‍ അലോട്മെന്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ വെബ്സൈറ്റിനുണ്ടായ തകരാര്‍ പരിഹരിച്ചത് ശനിയാഴ്ച ഉച്ചയോടെയാണ്. വീട്ടില്‍ കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താന്‍ അക്ഷയ കേന്ദ്രങ്ങളും ഇന്റര്‍നെറ്റ് കഫേകളും മറ്റുമാണ് ആശ്രയിക്കുന്നത്.

അവസാന ദിവസമായ ഇന്ന് ഞായറാഴ്ച ആയതിനാല്‍ കുട്ടികള്‍ക്ക് സൗകര്യം ലഭ്യമാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചവരെ 1,76,076 പേര്‍ അലോട്ട്‌മെന്റ് പരിശോധിക്കുകയും 47,395 പേര്‍ അപേക്ഷയില്‍ മാറ്റം വരുത്തുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ മൊത്തം 4.71 ലക്ഷം അപേക്ഷകരില്‍ മൂന്ന് ലക്ഷത്തോളം പേര്‍ ബാക്കിയാണ്.