ബന്ധുവുമായി സംസാരിക്കുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചു; ബാലുശ്ശേരിയില്‍ സദാചാര ഗുണ്ടായിസമെന്ന് ആരോപണം, പരാതിയുമായി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ബന്ധുക്കളും
ബാലുശ്ശേരി: കോക്കല്ലൂരില്‍ സദാചാര ഗുണ്ടായിസത്തില്‍ വിദ്യാര്‍ഥിനിക്കും ബന്ധുവായ യുവാവിനും പരിക്ക്. ബന്ധുവായ യുവാവുമായി സംസാരിച്ചിരിക്കുന്നത് ചോദ്യം ചെയ്‌തെത്തിയ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി. കോക്കല്ലൂര്‍ അങ്ങാടിയില്‍ ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം.
കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിട്ട് റോഡിലേക്കിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അതുവഴി വന്ന ബന്ധുവായ യുവാവുമായി സംസാരിച്ചുനില്‍ക്കെയാണ് സംഭവം. കുറച്ചാളുകള്‍ അസഭ്യം പറഞ്ഞെത്തുകയും മര്‍ദ്ദിച്ചെന്നുമാണ് പരാതി. ബന്ധുവാണെന്ന് പറഞ്ഞുകൊണ്ട് പെണ്‍കുട്ടി തടയാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കളാണെങ്കില്‍ ഇതൊക്കെ വീട്ടില്‍ പോയി ചെയ്താല്‍ മതിയെന്ന് ആക്രോശിച്ചുകൊണ്ട് മര്‍ദനം തുടരുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ബാലുശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ബാലുശ്ശേരി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമൊഴി രേഖപ്പെടുത്തി.
Description: Plus One student and her relatives have filed a complaint alleging moral hooliganism in Balussery