പ്ലസ് വണ്‍ പഠനത്തിന് മതിയായ സീറ്റില്ലാത്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പേരാമ്പ്ര എ.ഇ.ഒ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്
പേരാമ്പ്ര: പ്ലസ് വണ്‍ മുന്നാംഘട്ട അലോട്ട്മെന്റ് വന്നിട്ടും ജില്ലയില്‍ ആയിരണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി എം.എസ്.എഫ്. പ്രതിഷേധത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര എ.ഇ.ഒ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ബുധനാഴ്ച്ച രാവിലെ നടന്ന മാര്‍ച്ച് എഇഒ ഓഫീസിനു മുന്നിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകനായ മിഖ്ദാദിന് പരിക്കേറ്റു.
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ 3217 വിദ്യാര്‍ഥികളാണ് ഈവര്‍ഷം എസ്.എസ്.എല്‍.സി പാസായത്. 2300 സീറ്റുകള്‍ മാത്രമേ നിലവിലുള്ളൂ. 917 വിദ്യാര്‍ത്ഥികള്‍ സീറ്റ് കിട്ടാതെ വലയുന്ന സ്ഥിതിയാണ് നിലവില്‍. ആവശ്യമായ ബാച്ചുകള്‍ അനുവദിച്ച് വിദ്യാര്‍ഥികളോടുള്ള വഞ്ചന നിലപാടുകള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദില്‍ഷാദ് കുന്നിക്കല്‍ അധ്യക്ഷനായി. നിയോജക മണ്ഡലം ജന. സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് നിയാസ് കക്കാട്, സി.കെ ഹാഫിസ് സംസാരിച്ചു.
എം.പി ഷുഐബ്, ആഷിഖ് പുല്ലിയോട്ട്, മിഖ്ദാദ് പുറവൂര്‍, ബാസിത്ത് എടവരാട്, സവാദ് കല്ലോട്, അല്‍ ഇര്‍ഷാദ്, നിഹാല്‍ മുഹമ്മദലി, എ.പി മിര്‍സാബ്, പി.കെ അന്‍ഷാദ്, റമീസ് റസാക്ക്, ലാഹിക്ക് ഹസ്സന്‍, എന്‍. ഫവാസ്, ജസീം, ലസിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.