വെള്ളം കെട്ടി നിന്ന് തോടിന് സമാനമായി അഴിയൂര്‍ കരുവയലിൽ പുളിയേരി നട റോഡ്‌; വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍


അഴിയൂർ: കരുവയലിൽ നിന്ന് പുളിയേരി നടയിലേക്ക് പോകുന്ന റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴ വെച്ച് പ്രതിഷേധിച്ചു. പ്രദേശവാസികളും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേരാണ് ഈ വഴി ദിനം പ്രതി നടന്നുപോവുന്നത്.

റോഡില്‍ നിറയെ വെള്ളമായതിനാല്‍ മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർക്കും സ്‌ക്കൂളില്‍ പോകുന്ന കൊച്ചുകുട്ടികള്‍ക്കും ഇതിലൂടെയുള്ള യാത്ര ദുരിതമാണ്.

പഞ്ചായത്ത് മുൻകൈയെടുത്ത് വെള്ളക്കെട്ട് ഒഴിവാക്കി യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്ത് പ്രസിഡന്റിന്‌ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ പ്രഡിഡന്റ് പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്‌. അടുത്ത ഘട്ട സമരമെന്ന നിലയിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്‌.