‘ഈ കാണുന്ന ഫോട്ടോ എന്റെയും പി.എം.അബൂബക്കര്‍ സാഹിബിന്റേതുമാണ്’ കുറ്റ്യാടി നിയോജക മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റിനൊപ്പമുള്ള കോളേജ് കാല രാഷ്ട്രീയ പ്രവര്‍ത്തന ഓര്‍മ്മകള്‍ പങ്കുവെച്ച് പി.കെ.കുഞ്ഞാലിക്കുട്ടി


കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.എം.അബൂബക്കറിനൊപ്പമുള്ള കണ്ണൂര്‍ സര്‍ സയ്യിദ് കോളേജില്‍ പഠിക്കുന്ന കാലത്തെ എം.എസ്.എഫ് ഓര്‍മ്മകള്‍ പങ്കുവെച്ച് പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ. സര്‍ സയ്യിദ് കോളേജില് എം.എസ്.എഫിനെ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചതും അതേത്തുടര്‍ന്ന് പി.എം അബൂബക്കറിനൊപ്പം മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ചുമതല ഏറ്റെടുത്ത് നടപ്പാക്കിയ ഓര്‍മ്മയുമാണ് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഈ കാണുന്ന ഫോട്ടോ എന്റെയും പി.എം.അബൂബക്കര്‍ (നിലവിലെ കുറ്റ്യാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്) സാഹിബിന്റേതുമാണ്.

സംഘടനാ ജീവിതത്തിലെ ഈ വേരോര്‍മ്മകള്‍ മറക്കാനാകാത്തതാണ്. കണ്ണൂര്‍ സര്‍ സയ്യിദ് കോളേജ് യൂണിറ്റ് എം.എസ്.എഫ് പ്രസിഡന്റ് ആയിരിക്കുന്ന കാലം. സെക്രട്ടറി പി.എം.അബൂബക്കര്‍ സാഹിബും. കോളേജ് യൂണിറ്റ് എം.എസ്.എഫ് വളരെ ശക്തമായി പ്രവര്‍ത്തിക്കുന്ന കാലഘട്ടം. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനായതിനാല്‍ ശ്രദ്ധിക്കപ്പെട്ടു.

സര്‍ സയ്യിദ് കോളേജില്‍ ഞങ്ങള്‍ക്ക് മുമ്പ് എം.എസ്.എഫ് നല്ല വിജയങ്ങള്‍ നേടിയിരുന്നുവെങ്കിലും, ഞങ്ങള്‍ കോളേജിലേക്ക് എത്തുന്ന കാലത്ത് എം.എസ്.എഫിന് വിജയങ്ങള്‍ ഒന്നും നേടാന്‍ സാധിച്ചിരുന്നില്ല.

അതിശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതാപത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് ഞങ്ങള്‍ക്ക് സാധിച്ചു.
എം.എസ്.എഫിനെ സര്‍ സയ്യിദില്‍ ശക്തമാക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ മികച്ച അഭിപ്രായങ്ങള്‍ നേടാനായതിനെ തുടര്‍ന്ന് തളിപ്പറമ്പില്‍ വെച്ച് നടന്ന കാസര്‍കോട് ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലാ സമ്മേളനം നടത്താനുള്ള ചുമതല എന്നെയും പി.എം അബൂബക്കര്‍ സാഹിബിനെയുമാണ് ജില്ലാ കമ്മിറ്റി ഏല്‍പ്പിച്ചത്.

മുസ്ലിം ലീഗിന്റെ ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത മികച്ച സമ്മേളനമായി അത് മാറി. സമ്മേളനത്തിന്റെ കാര്‍മികത്വം നിര്‍വഹിക്കാന്‍ സാധിച്ചത് കൊണ്ടും അതിനെ ഭംഗിയായി കൈകാര്യം ചെയ്യാന്‍ സാധിച്ചതിനാലും പിന്നീട് സംസ്ഥാന എം.എസ്.എഫിന്റെ സംഘടനാ ചുമതലകള്‍ നിര്‍വ്വഹിക്കാനും അവസരം ലഭിച്ചു. ആ സമ്മേളനത്തില്‍ സ്റ്റേജില്‍ ഇരിക്കുന്ന ഫോട്ടോയണിത്. ഒട്ടേറെ തുടിക്കുന്ന ഓര്‍മകള്‍ സ്മൃതിപഥത്തിലേക്ക് വരികയാണ് ഈ ഫോട്ടോയിലൂടെ.

എം.എസ്.എഫിന്റെ വേര് സമ്മേളനം കോഴിക്കോട് നടക്കുമ്പോള്‍ ഈ ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നുവന്നു.