അപകട കെണിയായി റോഡരികിലെ കുഴികള്‍: പേരാമ്പ്ര കടിയങ്ങാടില്‍ കുഴിയില്‍ കുടുങ്ങി പിക്കപ്പ് വാനും ബസ്സും, ഒഴിവായത് വന്‍ ദുരന്തം


പേരാമ്പ്ര: ജലജീവന് മിഷന് പദ്ധതിക്കായി റോഡരികില്‍ എടുത്ത കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. പേരാമ്പ്ര- കുററ്യാടി റൂട്ടിലെ കടിയങ്ങാട് മാക്കൂല്‍ താഴെ പിക്കപ്പ് വാനും ബസ്സും കുഴിയില്‍ താഴ്ന്നു. ഇന്ന് രാവിലെയാണ് സംഭവം.

മലപ്പുറത്ത് നിന്ന് കുറ്റ്യാടിയിലേക്ക് ചരക്കുമായി വന്ന പിക്കപ്പ് വാനും കോഴിക്കോട്ടേക്ക് പോകുന്ന ബസ്സുമാണ് ഒരേ സ്ഥലത്ത് ഇരുവശങ്ങളിലായി കുഴികളില്‍ താഴ്ന്നത്. ഇതോടെ റോഡില്‍ വന്‍ ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടത്.

കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ആദ്യം കുഴിയില്‍ താഴ്ന്ന് പോയത്. തുടര്‍ന്നാണ് സ്വകാര്യ ബസ്സും റോഡിന്റെ എതിര്‍വശത്തും താഴ്ന്നത്.

ജലജീവന്‍ മിഷന്‍ കുടിവെളള പദ്ധതിക്കായി എടുത്ത കുഴികള്‍ തല്‍ക്കാലം മണ്ണിട്ട് നികത്തിയതല്ലാതെ ടാറിങ് ചെയ്യാനുള്ള നടപടികളൊന്നും തുടങ്ങിയിരുന്നില്ല. മഴ പെയ്തതോടെ വെള്ളം കെട്ടി നിന്ന് റോഡും കുഴിയും തിരിച്ചറിയാന്‍ സാധിക്കാത്തത് വന്‍ അപകടത്തിനാണ് കാരണമാകുമെന്നും എത്രയും പെട്ടെന്ന് റോഡിന്റെ ഇരു സൈഡിലും നടപ്പാത നിര്‍മ്മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.