ചിത്രങ്ങളിലൂടെ സഞ്ചരിച്ച് എം ടിയെ അടുത്തറിയാം; ‘എം ടി കാലം കാഴ്ച’ ഫോട്ടോ എക്സിബിഷന് ഇന്ന് വടകരയിൽ തിരിതെളിയും


വടകര: സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലിങ്ക് റോഡിൽ ഒരുക്കിയ ചരിത്ര പ്രദർശന നഗരിയിൽ ‘എം ടി കാലം കാഴ്ച’ ഫോട്ടോ എക്സിബിഷൻ വെള്ളിയാഴ്ച തുടങ്ങും. എം ടിയുടെ വിവിധ കാലങ്ങളിലെ ചിത്രങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹത്തിൻ്റെ അന്ത്യ യാത്ര വരെയുള്ള നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പുനലൂർ രാജൻ, പി മുസ്തഫ, ബി ജയചന്ദ്രൻ, അജീബ് കോമാച്ചി, നീന ബാലൻ, റസാഖ് കോട്ടക്കൽ, ഷാജു ജോൺ, കെ കെ സന്തോഷ്, വിനയൻ, ബിജുരാജ്, കെ എസ് പ്രവീൺ കുമാർ ഉൾപ്പെടെയുള്ള 35 ഫോട്ടാ ഗ്രാഫർമാരാണ് ചിത്രങ്ങൾ പകർത്തിയത്. എം ടി യുടെ ജീവിതം, സാഹിത്യം, സിനിമ, ജന്മദേശമായ കൂടല്ലൂർ, തുഞ്ചൻപറമ്പ്, മനുഷ്യനും പ്രകൃതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങൾ എന്നിവയെല്ലാം ചിത്ര പ്രദർശനത്തിലുണ്ട്.

വടകരയിലെ ചിത്രമെഴുത്തുകാരായ പവിത്രൻ ഒതയോത്ത്, ജോളി എം സുധൻ, അമ്പിളി വിജയൻ, ബേബിരാജ്, ശ്രീജിത്ത് വിലാതപുരം, രജീന, രമേഷ് രഞ്ജനം എന്നിവർ എംടിയെ യും അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെയും ചിത്രീകരിച്ചു കൊണ്ട് പകൽ മൂന്നിന് നഗരസഭ ചത്വരത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്യും. തുടർന്ന് നാലരക്ക് ‘എം ടി കാലം കാലാതീതം’ സെമിനാർ നടക്കും.

എം ടി സ്ഥലകാല സമീക്ഷ എന്ന വിഷയത്തിൽ ഇ പി രാജഗോപാലനും, എം ടി കാലത്തിൻ്റെ ചലച്ചിത്രഭാവനകൾ എന്ന വിഷയത്തിൽ കെ ടി ദിനേശനും പ്രബന്ധങ്ങൾ അവതരിക്കും. വൈകിട്ട് ആറിന് മാധ്യമപ്രവർത്തകനും ദി ഐഡം മാനേജിങ്ങ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണൻ ‘മാധ്യമ ലോകം വർത്തമാനവും ഭാവിയും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് രാത്രി ഏഴരക്ക് പ്രസാദ് കൈതക്കൽ അവതരിപ്പിക്കുന്ന ‘ദിവ്യാത്ഭുത അനാവരണ’ പരിപാടിയും നടക്കും.

Summary: Photo exhibition of ‘MT Vasudevan will be held at Vadakara