വര്‍ഷം മുഴുവന്‍ വൈദ്യുതി ഉല്‍പ്പാദന സാധ്യത, ആറ് മെഗാവാട്ട് ശേഷി; പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി മെയ് ആദ്യവാരത്തോടെ തുടക്കമാവും


പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയില്‍നിന്ന് മെയ് ആദ്യവാരം വൈദ്യുതി ഉല്‍പ്പാദനം തുടങ്ങാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍. ജില്ലയിലെ പത്താമത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയായി മാറാന്‍ പോവുന്ന പെരുവണ്ണാമൂഴി ജലവൈദ്യുത പദ്ധതിയില്‍ ആറ് മെഗാവാട്ട് ശേഷിയിലാണ് വൈദ്യുതി ഉല്‍പ്പാദനം നടത്തുക.

78.43 കോടി രൂപ ചെലവഴിച്ചുള്ള സംരംഭമാണിത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമുഴി ജലസംഭരണിയിലെ അധികജലം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒമ്പത് വര്‍ഷത്തിനകം മുതല്‍മുടക്ക് തിരിച്ചുകിട്ടുംവിധം ലാഭകരമായ പദ്ധതിയാണ് ഇത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. കാലവര്‍ഷത്തിലെ നിരൊഴുക്കിനെ ആശ്രയിക്കാത്തതിനാല്‍ വര്‍ഷം മുഴുവന്‍ ഉല്‍പ്പാദനം സാധ്യമാവുകയും ചെയ്യും.

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെയും കുറ്റ്യാടി ഓഗ്മെന്റേഷന്‍ പദ്ധതിയുടെയും ഭാഗമായ കക്കയം പവര്‍ഹൗസില്‍ നിന്നും വൈദ്യുതി ഉല്‍പാദനം കഴിഞ്ഞ് 802.67 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം പെരുവണ്ണാമൂഴി റിസര്‍വോയറില്‍ എത്തിച്ചേരും. ഇതില്‍ ജലസേചനം, കുടിവെള്ളം എന്നിവയുടെ ആവശ്യം കഴിഞ്ഞുള്ള 623.84 മില്യണ്‍ ബിക് മീറ്റര്‍ അധികജലം ഉപ യോഗിച്ചാണ് വൈദ്യുതി ഉല്‍പാദനം നടത്തുക. വര്‍ഷം 24.7 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നബാര്‍ഡ് സഹായമായി 49.85 കോടിയും കേന്ദ്ര സര്‍ക്കാരിന്റെ എംഎആര്‍ഇ ഗ്രാന്റായി 20 കോടിയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി ഒമ്പത് കോടിയും ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.

അണക്കെട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ നിന്നാണ് പദ്ധതിയുടെ ടണല്‍ ആരംഭിക്കുന്നത്. 3.30 മീറ്റര്‍ വ്യാസമുള്ള 249 മീറ്റര്‍ പ്രഷര്‍ ക്രാഫ്റ്റ് 35 മീറ്റര്‍ പെന്‍സ്റ്റോക്ക് എന്നിവ വഴി വെള്ളം പവര്‍ഹൗസിലെത്തിച്ച് മൂന്ന് മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഉല്‍പ്പാദനം. പുറന്തള്ളുന്ന വെള്ളം അണക്കെട്ടിന് 500 മീറ്റര്‍ താഴെ കുറ്റ്യാടി പുഴയിലേക്ക് എത്തിച്ചേരും. തുടര്‍ന്ന് കേബിളിലൂടെ ചക്കിട്ടപാറ 110 കെവി സബ്‌സ്റ്റേഷനില്‍ എത്തിച്ചാണ് വിതരണം. സിവില്‍ ജോലികള്‍ക്കായി 49.03 കോടിയും ഇലക്ട്രോ മെക്കാനിക്ക് ജോലികള്‍ക്കാ 29.4 കോടിയും ചെലവഴിച്ചതായും അധികൃതര്‍ പറഞ്ഞു.

എം എം മണി വൈദ്യുതി മന്ത്രിയായിരിക്കേ 2017 നവംബറില്‍ സിവില്‍ പ്രവൃത്തി ആരംഭിച്ചത്. 2021 ഫെബ്രുവരിയില്‍ പവര്‍ഹൗസിന്റെയും ഇലക്ട്രോ മെക്കാനിക്കലിന്റെയും പ്രവൃത്തി തുടങ്ങി. ജനറേറ്റര്‍ സ്ഥാപിച്ചു. രണ്ട് ടര്‍ബയിനില്‍ ഒരെണ്ണം സ്ഥാപിക്കുകയും ചെയ്തിരുന്നു.

summary: peruvannamuzhi small hydro power project will start in the first week of May