വളർത്തുമൃഗങ്ങളെ ആക്രമിച്ച് പ്രദേശത്ത് ഭീതിവിതച്ച പേപ്പട്ടിയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ടു; ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെതിര കേസെടുത്ത് പോലീസ്
പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ ഭീതിവിതച്ച ഭ്രാന്തൻ നായയെ വെടി വെച്ചു കൊല്ലാൻ ഉത്തരവിട്ടതിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെതിരായ പരാതിയിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം ആനിമൽ വെൽഫെയർ ബോർഡിന്റെ പരാതിയെ തുടർന്ന് പെരുവണ്ണാമൂഴി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കെ.സുനിലിൽ നിന്ന് പോലീസ് മൊഴിയെടുത്തു. തോക്കുടമ മുണ്ടക്കല്‍ ഗംഗാധരന്റെ ലൈസൻസും തോക്കിന്റെ രേഖകളും പോലിസ് പരിശോധിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച പകലും രാത്രിയിലുമായാണ് ചക്കിട്ടപ്പാറയെ ഭീതിയിലാഴ്ത്തി പേപ്പട്ടി ആക്രമണമുണ്ടായത്. നരിമടയില്‍ ഒരു പശുവിനേയും കിടാവിനേയും ഭ്രാന്തന്‍ നായ കടിച്ചിരുന്നു. ഈ കിടാവിനെ പരിചരിച്ച ഭാസ്‌കരന്‍മുക്കിലെ ചെറുവലത്ത് മീത്തല്‍ റാണിയും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള വാര്‍ഡിലെ നാല് പശുക്കളെയും അഞ്ചോളം പട്ടികളെയും നായ കടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ഡ് മെമ്പര്‍മാര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ആശങ്കയറിയിച്ചത്. തുടര്‍ന്ന് പ്രസിഡന്റ് കെ.സുനില്‍ നായയെ കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു.
ഭ്രാന്തൻ നായയിൽനിന്നു തങ്ങളെ പ്രസിഡന്റ് സംരക്ഷിക്കുകയായിരുന്നുവെന്നും കേസ് അംഗീകരിക്കാനാവില്ലെന്നുമുള്ള നിലപാടിലാണ് പ്രദേശവാസികൾ.
Summary:
Ordered to shoot and kill a rabies dog that attacked pets and spread panic in the area; Police Register Case Against Chakkittapara Panchayat President K Sunil