ശക്തമായ മഴ; പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ ഇന്നത്തെ പരിപാടികളില്‍ മാറ്റം


പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫെസ്റ്റ്‌ന്റെ ഭാഗമായി ഇന്ന് നടക്കാനിരുന്ന പരിപാടിയില്‍ മാറ്റം. ഇന്ന് നടക്കാനിരുന്ന ‘ഗ്രാമോത്സവം’ സ്‌റ്റേജ് പ്രോഗ്രാമാണ് മാറ്റിയിരിക്കുന്നത്. പരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്നത്തെ പരിപാടി മെയ്യ് 1ലേക്ക് മാറ്റുകയായിരുന്നു. മഴ ശക്തമായതിനെത്തുടര്‍ന്ന് പരിപാടിയുടെ നടത്തിപ്പില്‍ പ്രയാസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മാറ്റിവെക്കാന്‍ തീരുമാനിക്കുകയായുരുന്നെന്ന് സ്വാഗത സംഘം കണ്‍വീനര്‍/ചെയര്‍മാന്‍ അറിയിച്ചു.

പതിനഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പെരുവണ്ണാമൂഴി ഫെസ്റ്റ് ഏപ്രില്‍ 23 മുതല്‍ ആരംഭിച്ച് മെയ്യ് 7 വരെയാണ് നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനായിരുന്നു നിര്‍വ്വഹിച്ചത്. നവ്യാനായരുടെ നൃത്ത സന്ധ്യയോടെ തുടക്കമായ ഫെസ്റ്റില്‍ വരും ദിവസങ്ങളിലും ആഘര്‍ഷകമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

നാലാം ദിനമായ നാളെ സീനിയര്‍ പെണ്‍കുട്ടികളുടെ ജില്ലാതല ഗ്രൂപ്പ് ഡാന്‍സ് മത്സരം ചിലമ്പൊലി അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സുധീര്‍ പറവൂര്‍ ആന്റ് ടീം അവതരിപ്പിക്കുന്ന ഡാന്‍സ് കോമഡി ഗാനങ്ങള്‍ സ്‌കിറ്റുകള്‍, സുറുമി വയനാടും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ നിലാവ്, അലോഷിയുടെ സംഗീതം, പ്രശസ്ത ചലചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാറും സംഘവും ഒരുക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാം തുടങ്ങി നിരവധി പരിപാടികളും നടക്കും.