സിനിമാതാരം നവ്യാ നായരുടെ നൃത്ത പരിപാടി, സുധീര്‍ പറവൂരും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ; വരും ദിനങ്ങള്‍ ആഘോഷത്തിന്റേത്, പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിനായ് നാടൊരുങ്ങി, തുടക്കം ഏപ്രില്‍ 23ന്
പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാം പരിസരത്ത് നടക്കുന്ന ടൂറിസം ഫെസ്റ്റിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങിക്കഴിഞ്ഞു. ഏപ്രില്‍ 23 മുതല്‍ മേയ് ഏഴുവരെയാണ് പരിപപാടി സംഘടിപ്പിക്കുന്നത്. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഫെസ്റ്റ്. 23ന് വൈകുന്നേരം മന്ത്രി റോഷി അഗസ്റ്റിന്‍ പരിപാടി ഉദ്ഘാടനം നിര്‍വ്വഹിക്കും. നടി നവ്യാ നായരുടെ നൃത്ത പരിപാടിയാണ് ആദ്യദിനത്തിലെ പ്രധാന ആകര്‍ഷണം. 24ന് വൈകുന്നേരം ഏഴിന് കളരി പ്രദര്‍ശനവും കെ.പി.എ.സി.യുടെ അപരാജിതന്‍ നാടകവും അരങ്ങേറും. 25ന് പഞ്ചായത്തിലെ കലാകാരന്‍മാരുടെ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി ഗ്രാമോത്സവം നടക്കും. 26ന് ഗസല്‍ രാവില്‍ അലോഷി പാടും. 27ന് സുധീര്‍ പറവൂരും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ, 28ന് തീപ്പന്തങ്ങള്‍ ഓഡിയോ വിഷ്വല്‍ അവതരണം, ഇശല്‍ നിലാവ്, 29ന് ചിലമ്പൊലി ജില്ലാതല സംഘനൃത്ത മത്സരം എന്നിവയുണ്ടാകും. 30ന് സിത്താര കൃഷ്ണകുമാറിന്റെ ഗാനമേള. കാര്‍ണിവല്‍, എക്‌സ്പോ, ജലോത്സവം, ഫ്‌ളവര്‍ഷോ, ബോട്ടിങ്, ഇക്കോ ടൂറിസം പവിലിയന്‍, കമ്പവലി, കളരിഗ്രാമം പ്രദര്‍ശനം, ഫുഡ് കോര്‍ട്ട്, പുസ്തകോത്സവം, വനയാത്ര, പ്രകൃതി ചിത്രരചന എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പരിപാടികളില്‍ അതിഥികളാകും. കുറ്റ്യാടി ജലസേചന പദ്ധതിക്ക് കീഴിലുള്ള പെരുവണ്ണാമൂഴി ഡാമില്‍ ടൂറിസം വികസനവും ബോട്ടിങ്ങും നടപ്പാക്കിയതിന് ശേഷം കൂടുതല്‍ സഞ്ചാരികളെ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, കണ്‍വീനര്‍ പി.പി രഘുനാഥ്, കുറ്റ്യാടി ജലസേചനപദ്ധതി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ കെ രഞ്ജിത്ത്, ഇ.എം ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.