ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പാക്കും- മന്ത്രി റോഷി അഗസ്റ്റിന്‍; നവ്യാനായരുടെയും സംഘത്തിന്റെയും നൃത്തച്ചുവടുകളോടെ പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് തുടക്കമായി


പെരുവണ്ണാമൂഴി: ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചും, ബി.ഒ.ടി അടിസ്ഥാനത്തിലും പെട്ടന്ന് നടപ്പിലാക്കാന്‍ കഴിയുന്ന ചെറുതും വലുതുമായ പദ്ധതികള്‍ വിഭാവനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എല്ലാ വീടുകളിലും വെള്ളമെത്തിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പദ്ധതിയായ ജല്‍ ജീവന്‍ മിഷനിലൂടെ 70,85,000 കുടുംബങ്ങള്‍ക്കും പൈപ്പ് വെള്ളമെത്തിക്കുന്നതിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. 40 ലക്ഷം കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ 44 നദികളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചക്കിട്ടപാറ പഞ്ചായത്ത് വിവിധവകുപ്പുകളുടെ സഹകരണത്തോടെയാണ് പെരുവണ്ണാമൂഴി ഡാം പരിസരത്ത് ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചത്. നവ്യാ നായരുടെ നൃത്തപരിപാടിയായിരുന്നു ആദ്യദിനത്തിലെ ആകര്‍ഷണം.

പെരുവണ്ണാമൂഴി ഡാം പരിസരത്ത് മെയ് ഏഴ് വരെയാണ് ഫെസ്റ്റ് നടക്കുന്നത്. കലാപരിപാടികള്‍, കാര്‍ണിവല്‍, എക്സ്‌പോ, ജലോത്സവം, പുഷ്പമേള, ബോട്ടിംഗ്, ഇക്കോ ടൂറിസം പവലിയന്‍, വനയാത്ര ഉള്‍പ്പെടെ വിവിധങ്ങളായ പരിപാടികളാണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കമ്പവലി, കളരിഗ്രാമം പ്രദര്‍ശനം, ഫുഡ് കോര്‍ട്ട്, പുസ്തകോത്സവം, വനയാത്ര, പ്രകൃതി ചിത്രരചന, ട്രക്കിം?ഗ് എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

പഞ്ചായത്തിലെ കലാകാരന്‍മാരുടെ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി ഗ്രാമോത്സവം, സിത്താര കൃഷ്ണകുമാറിന്റെ ഗാനമേള, സുധീര്‍ പറവൂരും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ, കെ.പി.എ.സി.യുടെ അപരാജിതന്‍ നാടകം, ഇശല്‍ നിലാവ്, ചിലമ്പൊലി ജില്ലാതല സംഘനൃത്ത മത്സരം എന്നിവയും അരങ്ങേറും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഉണ്ണി വേങ്ങേരി, വി.കെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.സി സുരാജന്‍ നന്ദിയും പറഞ്ഞു.