ടൂറിസം ഭൂപടത്തില്‍ പെരുവണ്ണാമൂഴിയുടെ സ്ഥാനം ഉയരങ്ങളിലേക്ക്, ദിനംതോറും ഒഴുകിയെത്തിയത് ആയിരങ്ങള്‍; ആവേശമായ പെരുവണ്ണാമൂഴി ഫെസ്റ്റിന് ഇന്ന് സമാപനം


പെരുവണ്ണാമൂഴി: ഏപ്രില്‍ 23 മുതല്‍ ആരംഭിച്ച പെരുവണ്ണാമൂഴി ഫെസ്റ്റിന് ഞായറാഴ്ച്ച സമാപനം. പെരുവണ്ണാമൂഴി ടൂറിസം വികസനം ലക്ഷ്യമാക്കി നടത്തിയ ഫെസ്റ്റില്‍ നീണ്ട പതിനഞ്ച് ദിനങ്ങളിലും നാടിന്റെ നാനാഭാഗങ്ങലില്‍ നിന്നായി നിരവധിപേരാണ് എത്തിച്ചേര്‍ന്നത്. ആദ്യ 8 നാളുകളിലെ കലാസന്ധ്യകള്‍ കൊണ്ട് മലബാറിലെ മാത്രമല്ല കേരളത്തിലെ ഏറ്റവും വലിയ ടൂറിസം ഫെസ്റ്റ് എന്ന ഖ്യാതി ആണ് പെരുവണ്ണാമൂഴി ഫെസ്റ്റ് നേടിയത്.

പരിപാടി ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനായിരുന്നു ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നുള്ള ഒരോ ദിവസങ്ങളിലും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പ്രധാനപ്പെട്ട ഒരുപാട് നിക്ഷേപകരെക്കൂടെ സംഘാടനത്തിന്റെ ഭാഗമായി ചേര്‍ത്തതും പരിപാടി വന്‍ വിജയമാക്കാന്‍ സഹായിച്ചിട്ടുണ്ട്. ടൂറിസം ഫെസ്റ്റ് വേദിയില്‍ വച്ച് പ്രഥമ ഇന്നസെന്റ് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് പ്രമുഖ വ്യവസായിയായ ഗോകുലം ഗോപാലന്‍ പെരുവണ്ണാമൂഴി ടൂറിസം വികസനത്തിന് 1000 കോടി രൂപ ചെലവഴിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. ഇത് ഫെസ്റ്റിന്റെ സമ്പൂര്‍ണ്ണ വിജയമാണ്.

സിനിമാതാരം നവ്യാനായരുടെ നൃത്തപരിപാടിയോടെ ആരംഭിച്ച ഫെസ്റ്റില്‍ കെ.പി.എ.സിയുടെ നാടകം അപരാജിതന്‍, ജില്ലാതല ഗ്രൂപ്പ് ഡാന്‍സ് മത്സരം ചിലമ്പൊലി, സുധീര്‍ പറവൂരും സംഘവും അവതരിപ്പിച്ച ഡാന്‍സ് കോമഡി ഗാനങ്ങള്‍ സ്‌കിറ്റുകള്‍, ഇശല്‍ നിലാവ്, അലോഷിയുടെ സംഗീതം, പ്രശസ്ത ചലചിത്ര പിന്നണി ഗായിക സിതാര കൃഷ്ണ കുമാറും സംഘവും അവതരിപ്പിച്ച മ്യൂസിക്കല്‍ പ്രോഗ്രാം എന്നിവയും നടന്നു. ഈ പരിപാടികളിലെല്ലാം നിരവധി പേരാണ് പങ്കെടുത്തത്.

പരിപാടിയുടെ ഭാഗമായി നടന്ന കാര്‍ണിവെല്‍, എക്‌സ്‌പോ, ബോട്ടിംഗ്-ജലോത്സവം, കലാപരിപാടികള്‍, ഫ്‌ളവര്‍ഷോ, ഇക്കോടൂറിസം പവലിയന്‍, കമ്പവലി, ഫുഡ് കോര്‍ട്ട, ലൈവ് ഫിഷ്, പുസ്തകോത്സവം, ട്രക്കിംഗ്, പ്രകൃതി ചിത്രമത്സരം തുടങ്ങിയവയും വളരെ ആകര്‍ഷകമായി.

ഫെസ്റ്റിന്റെ വിജയത്തോടൊപ്പം സംഘാടക മികവും ചര്‍ച്ചയാവുകയാണ്. ദിനം പ്രതി നിരവധിപേര്‍ കാണികളായും സഞ്ചാരികളായും അവതാരകരായും പെരുവണ്ണാമൂഴിയിലേക്കെത്തിച്ചേരുമ്പോള്‍ ഇവരെയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് വളരെ സമാധാനത്തോടെയും ആവേശത്തോടെയുമാണ് പരിപാടികള്‍ നടത്തിയത്. ഇതില്‍ സംഘാടകര്‍ നടത്തിയ മികവും പ്രശംസനായിമാണ്.

ഇന്നിതുവരെ പ്രദേശത്തു നടന്ന എല്ലാപരിപാടികളില്‍ നിന്നും വ്യത്യസ്തമായി ചക്കിട്ടപ്പാറയിലെ നിരവധിയായ കേന്ദ്രസംസ്ഥാന സ്ഥാപനങ്ങളായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, കൃഷി വിജ്ഞാന്‍ കേന്ദ്രം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേയ്‌സ് റിസേര്‍ച്ച്, ജില്ലാ കൃഷി ഫം, വന്യജീവി വകുപ്പ്, കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ട് തുടങ്ങിയ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഏകോപിപ്പിച്ച് കൊണ്ടാണ് ഈ ഫെസ്റ്റ് നടത്തപ്പെട്ടത്. അതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ വിജയത്തിലേക്കെത്തിച്ചതെന്നും സംഘാടകര്‍ പറയുന്നു.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൂവായിരത്തോളം വീടുകളില്‍ പരിപാടിയുടെ പാസ് വിതരണം നടത്തിയാണ് പരിപാടിയ്ക്ക് തുടക്കമാവുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പോലും നടത്താവുന്നതിലും മികവേറിയ പ്രവര്‍ത്തനമാണ് ഇതിലൂടെ കുടുംബശ്രീയ്ക്ക് കാഴ്ച്ചവെക്കാന്‍ കഴിഞ്ഞത്. പ്രദേശത്തെ എണ്‍പത് ശതമാനം വീടുകളാണ് അവര്‍ കൂപ്പണ്‍ വിതരണം നടത്തിയത്.

200 രൂപയുടെ ഒരു കൂപ്പണ്‍ എടുക്കുന്ന കുടംബത്തിന് ഫെസ്റ്റിലെ മുഴുവന്‍ പരിപാടിയ്ക്കും പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. പുറത്തു നിന്നും എത്തുന്നവര്‍ക്കായി ഒരു ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ 50 രൂപയുടെ പാസാണ് നല്‍കിയിരുന്നത്. 400 രൂപയുടെ പാസ് എടുക്കുന്നവര്‍ക്ക് കുടുംബത്തിന് പൂര്‍ണ്ണമായി എല്ലാ പരിപാടിയും കാണാനുള്ള അവസരവും നല്‍കിയിരുന്നു.