അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയ പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷന്‍ ഇനി പുതിയ കെട്ടിടത്തിലേക്ക്; നിർമാണപ്രവൃത്തികള്‍ അവസാനഘട്ടത്തിൽ


പെരുവണ്ണാമൂഴി: അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയ പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷന്‍ ഇനി പുതിയ കെട്ടിടത്തിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ ഒന്നര കോടി രൂപ ചിലവഴിച്ച് ആധുനിക സൗകര്യത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്. ചുറ്റുമതിലിന്റെയും മറ്റും പണി കൂടി പൂര്‍ത്തിയാവുന്നതോട്‌ കൂടി പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമാകും.

പെരുവണ്ണാമൂഴി ടൗണിന് സമീപം ജലവിഭവവകുപ്പ് അനുവദിച്ച കുറ്റ്യാടി ജലസേചനപദ്ധതിയുടെ 50 സെന്റ് സ്ഥലത്താണ് 1.90 കോടിരൂപ ചെലവഴിച്ച് മൂന്നുനിലയുള്ള പുതിയ കെട്ടിടം ഉയരുന്നത്‌. കേരള പോലീസ് ഹൗസിങ്‌ കൺസ്ട്രക്‌ഷൻസ് കോർപ്പറേഷനാണ് നിർമാണച്ചുമതല.

നിലവില്‍ ചുറ്റുമതിൽ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്‌. 2022 സെപ്തംബര്‍ 20ന് എം.എല്‍.എ ടിപി രാമകൃഷ്ണനാണ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.

1987ല്‍ പെരുവണ്ണാമൂഴി ഡാം ഗേറ്റിനു മുമ്പില്‍ ജലസേചന വകുപ്പിന്റെ കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് കാലപ്പഴക്കം വന്നതോടെ 2015ല്‍ പന്തിരിക്കരയിലെ വാടകക്കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്ക് പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം മാറ്റി. ഏതാണ്ട് 31ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ജോലി ചെയ്തിരുന്നത്.