ദിവസവുമെത്തുന്നത് ആയിരങ്ങള്‍, ശുചീകരണത്തിനും ടിക്കറ്റ് വില്‍പ്പനയ്ക്കുമെല്ലാം കൃത്യമായ ക്രമീകരണങ്ങള്‍; കയ്യടി നേടി പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ സംഘാടനം


പെരുവണ്ണാമൂഴി: ലോകടുറിസം ഭൂപടത്തില്‍ ശ്രദ്ധേയമായൊരിടം പെരുവണ്ണാമൂഴിയ്ക്കും ലഭ്യമാക്കാന്‍ ചക്കിട്ടപ്പാറയിലെ ജനങ്ങള്‍ ഒന്നിച്ചു. പെരുവണ്ണാമൂഴി ഫെസ്റ്റ് ഏഴാം ദിവസം പിന്നിടുമ്പോള്‍ സംഘാടക മികവും ചര്‍ച്ചയാവുകയാണ്. ദിനം പ്രതി നിരവധിപേര്‍ കാണികളായും സഞ്ചാരികളായും അവതാരകരായും പെരുവണ്ണാമൂഴിയിലേക്കെത്തിച്ചേരുമ്പോള്‍ ഇവരെയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് വളരെ സമാധാനത്തോടെയും ആവേശത്തോടെയുമാണ് പരിപാടികള്‍ നടന്നു പോവുന്നത്.

ഇന്നിതുവരെ പ്രദേശത്തു നടന്ന എല്ലാപരിപാടികളില്‍ നിന്നും വ്യത്യസ്തമായി ചക്കിട്ടപ്പാറയിലെ നിരവധിയായ കേന്ദ്രസംസ്ഥാന സ്ഥാപനങ്ങളായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, കൃഷി വിജ്ഞാന്‍ കേന്ദ്രം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സ് റിസേര്‍ച്ച്, ജില്ലാ കൃഷി ഫം, വന്യജീവി വകുപ്പ്, കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ട് തുടങ്ങിയ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഏകോപിപ്പിച്ച് കൊണ്ടാണ് ഈ ഫെസ്റ്റ് നടത്തപ്പെടുന്നത്. അതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ വിജയമാവുന്നതെന്ന് സംഘാടക സമിതി കണ്‍വീനറും ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട്കോമിനോട് പറഞ്ഞു.

പെരുവണ്ണാമൂഴി ടൂറിസം വികസനം ലക്ഷ്യം വെച്ച് നടത്തുന്ന പരിപാടിയായതിനാല്‍ തന്നെ എല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം പൂര്‍ണ്ണതോതിലും ഫെസ്റ്റിന് ലഭിക്കുന്നതും വിജയത്തിന്റെ കാരണമാണ്. ടൂറിസം വികസനം ലക്ഷ്യമിടുന്നതിനാല്‍ തന്നെ പ്രധാനപ്പെട്ട ഒരുപാട് നിക്ഷേപകരെക്കൂടെ സംഘാടനത്തിന്റെ ഭാഗമായി ചേര്‍ത്തതും പരിപാടി വന്‍ വിജയമാക്കാന്‍ സഹായിക്കുന്നുണ്ട്.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൂവായിരത്തോളം വീടുകളില്‍ പരിപാടിയുടെ പാസ് വിതരണം നടത്തി. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പോലും നടത്താവുന്നതിലും മികവേറിയ പ്രവര്‍ത്തനമാണ് ഇതിലൂടെ കുടുംബശ്രീയ്ക്ക് കാഴ്ച്ചവെക്കാന്‍ കഴിഞ്ഞത്. പ്രദേശത്തെ എണ്‍പത് ശതമാനം വീടുകളാണ് അവര്‍ കൂപ്പണ്‍ വിതരണം നടത്തിയത്.

200 രൂപയുടെ ഒരു കൂപ്പണ്‍ എടുക്കുന്ന കുടംബത്തിന് ഫെസ്റ്റിലെ മുഴുവന്‍ പരിപാടിയ്ക്കും പങ്കെടുക്കാന്‍ അവസരം ലഭിക്കും. പുറത്തു നിന്നും എത്തുന്നവര്‍ക്കായി ഒരു ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ 50 രൂപയുടെ പാസാണ് നല്‍കുന്നത്. 400 രൂപയുടെ പാസ് എടുക്കുന്നവര്‍ക്ക് കുടുംബത്തിന് പൂര്‍ണ്ണമായി എല്ലാ പരിപാടിയും കാണാനുള്ള അവസരവും നല്‍കും.

പരിപാടികള്‍ക്ക് മുന്നോടിയായി 1000 പേരെ പങ്കെടുപ്പിച്ച് കൊണ്ട് വലിയ രീതിയില്‍ ശുചീകരണ പ്രവൃത്തി നടത്താന്‍ സാധിച്ചതോടൊപ്പം ഒരോ ദിവസവും 30 ഹരിതകര്‍മ്മ സേനാ അംഗങ്ങള്‍ പരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിവരുന്നുമ്മുണ്ട്.

പതിനഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പെരുവണ്ണാമൂഴി ഫെസ്റ്റ് ഏപ്രില്‍ 23 മുതല്‍ ആരംഭിച്ച് മെയ്യ് 7 വരെയാണ് നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനായിരുന്നു നിര്‍വ്വഹിച്ചത്. നവ്യാനായരുടെ നൃത്ത സന്ധ്യയോടെ തുടക്കമായ ഫെസ്റ്റില്‍ ദിവസവും മികവാര്‍ന്ന പരിപാടികള്‍ നടന്നു. വരും ദിവസങ്ങളിലും ആഘര്‍ഷകമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

കൂടാതെ പരിപാടിയുടെ ഭാഗമായി കാര്‍ണിവെല്‍, എക്സ്പോ, ബോട്ടിംഗ്-ജലോത്സവം, കലാപരിപാടികള്‍, ഫ്ളവര്‍ഷോ, ഇക്കോടൂറിസം പവലിയന്‍, കമ്പവലി, ഫുഡ് കോര്‍ട്ട, ലൈവ് ഫിഷ്, പുസ്തകോത്സവം, ട്രക്കിംഗ്, പ്രകൃതി ചിത്രമത്സരം എന്നിവയും നടക്കുന്നുണ്ട്.

summary: Peruvannamoozhi fest organizational excellence is also noticeable