അറക്കിലാട് വീടിന് മുകളിലേക്ക് പേരാലും തെങ്ങുകളും പൊട്ടി വീണു; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


വടകര: പേരാലും തെങ്ങും പൊട്ടിവീണ് വീടിന്റെ മേൽക്കൂര തകർന്നു. കക്കുഴിയുള്ള പറമ്പിൽ വസന്തയുടെ വീടിന് മുകളിലേക്കാണ് മരങ്ങൾ വീണത്. ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

അറക്കിലാട് പരദേവതാ ക്ഷേത്രത്തിലെ പേരാലിന്റെ വലിയ ശിഖരം പൊട്ടി തെങ്ങുകൾക്ക് മുകളിലേക്ക് വീഴുകയും തുടർന്ന് രണ്ട് തെങ്ങുകളും വീടിന്റെ മേൽക്കൂരയിലേക്ക് വീഴുകയായിരുന്നെന്ന് വാർഡ് കൗൺസിലർ ബാലകൃഷ്ണൻ പറഞ്ഞു. അപകട സമയം വസന്തയുടെ മകൻ മനോജൻ വരാന്തയിൽ ഇരിക്കുന്നുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

വലിയ ശബ്ദത്തോടെ മരങ്ങൾ വീടിന് മുകളിൽ പതിച്ച ഉടനെ മനോജൻ പുറത്തേക്ക് ഓടിമാറിയതിനാലാണ് പരിക്കേൽക്കാതിരുന്നത്. വസന്ത ഈ സമയം തൊട്ടടുത്ത വീട്ടിലായിരുന്നു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് അ​ഗ്നിരക്ഷാ സേന സ്ഥലത്തെത്തി. നാട്ടുകാരും അ​ഗ്നിരക്ഷാ സേനാം​ഗങ്ങളും ചേർന്ന് വീടിന് മുകളിലുള്ള മരങ്ങളെല്ലാം മുറിച്ച് നീക്കി.