പെരിയ ഇരട്ടക്കൊല കേസ് വിധി ഇന്ന്; കനത്ത പോലീസ് കാവലില്‍ കല്യോട്ട്, ഉറ്റുനോക്കി പാർട്ടികൾ


കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊല കേസിൽ ഇന്ന് വിധി പറയും. ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടിട്ട് ആറു വർഷമാകുമ്പോഴാണ് വിധി വരുന്നത്. സി.പി.എം നേതാക്കളും പ്രവർത്തകരുമായി നിരവധി പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അതിട്ൽ എട്ടുപ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. മറ്റുള്ളവർ ഇതുവരെയും ഒരിക്കല്‍പ്പോലും ജയിലില്‍നിന്ന് പുറത്തുവന്നിട്ടില്ല.

കേസിൽ ഹൊസ്ദുർഗ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും തുടർനടപടി തുടങ്ങും മുൻപേ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിടുകയായിരുന്നു. രണ്ടുവർഷത്തോളം നടന്ന വിചാരണയാണ് സി.ബി.ഐ. കോടതിയില്‍ നടന്നത്. പ്രോസിക്യൂഷൻ ഭാഗത്ത് 154 പേരും പ്രതിഭാഗത്ത് മൂന്നുപേരുമാണ് സാക്ഷികളായുണ്ടായിരുന്നത്.

വിധി എന്താകുമെന്ന ആകാംക്ഷയിലാണ് നാട്. വരും ദിവസങ്ങളില്‍ രാഷ്ട്രീയ ചർച്ചയ്ക്കും വാദപ്രതിവാദത്തിലേക്കു മെത്തിയേക്കാവുന്ന വിധിയെ എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരും ഒരുപോലെ ഉറ്റുനോക്കുന്നു. ഇരട്ട ക്കൊലക്കേസിന്റെ വിധി വരുന്ന പശ്ചാത്തലത്തില്‍ പെരിയയിലും കല്യോട്ടും പോലീസ് കാവല്‍ ശക്തമാക്കി.

കല്യോട്ട്, മേലെ കല്യോട്ട്, ഏച്ചിലടുക്കം എന്നിവിടങ്ങളില്‍ പോലീസ് റൂട്ട് മാർച്ച്‌ നടത്തി. എ.എസ്.പി. ഡോ. എസ്.അപർണ, ബേക്കല്‍ ഡിവൈ.എസ്.പി. വി.വി.മനോജ്, ബേക്കല്‍, മേല്‍പ്പറമ്ബ് ഇൻസ്പെക്ടർമാരായ കെ.പി.ഷൈൻ, എ. സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളില്‍ നിന്നെത്തിയ നൂറോളം പോലീസുകാരാണ് റൂട്ട് മാർച്ച്‌ നടത്തിയത്. കോണ്‍ഗ്രസ്, സി.പി.എം. നേതാക്കളെ വെവ്വേറെ വിളിച്ച്‌ പോലീസ് ചർച്ചനടത്തി. പെരിയമുതല്‍ കല്യോട്ടുവരെയുള്ള എല്ലാ ഇടങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Summary: Periya double murder case verdict today; Kalliot, under heavy police guard, stares at the parties