പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു; ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ഉപഹാരമായി നൽകിയത് ഇന്ത്യൻ ഭരണഘടന, വേറിട്ട മാതൃകയായി നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ


വെള്ളിയൂർ: പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കുന്ന കലോത്സവം പേരാമ്പ്ര എം.എൽ.എ ടി.പി.രാമകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വേദിയിലുള്ള എല്ലാവർക്കും വിവിധ നേട്ടങ്ങൾ കൈവരിച്ച അദ്ധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെയുള്ളവർക്കും ഇന്ത്യൻ ഭരണഘടന ഉപഹാരമായി സമർപ്പിച്ചു കൊണ്ടാണ് ഉദ്ഘാടന സമ്മേളനം നടന്നത്.

എല്ലാവർക്കും മാതൃകാപരമായ പ്രവർത്തിയാണ് ഉദ്ഘാടന വേദിയിൽ നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ നടത്തിയതെന്ന് ടി.പി.രാമകൃഷണൻ പറഞ്ഞു. വേദിയിലുള്ള എല്ലാവരും എഴുന്നേറ്റ് നിന്ന് ഭരണഘടനയുടെ ആമുഖം ഉയർത്തിപ്പിടിച്ചു കൊണ്ട് ഫോട്ടോ സെക്ഷനും നടന്നു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരി കണ്ടി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി മുഖ്യാതിഥിയായി. പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി.പ്രമോദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. പാത്തുമ്മ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.ദാമോദരൻ , മധുകൃഷ്ണൻ , ഷിജി കൊട്ടാരക്കൽ, ആർ.കെ.മുനീർ, എ.വി.അബ്ദുള്ള , കെ.പി.റസാഖ്, എം.ബിന്ദു , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.