പേരാമ്പ്രയില്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടാല്‍ ദൃശ്യങ്ങളെടുത്ത് പഞ്ചായത്തിന് അയക്കൂ; 2,500 രൂപ പാരിതോഷികം


പേരാമ്പ്ര: പൊതുസ്ഥലത്തെ മാലിന്യം എന്നും ജനങ്ങള്‍ക്കും അധികൃതര്‍ക്കും തലവേദനയാണ്. പലപ്പോഴും കൃത്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടും പലരും ഇതൊന്നും ഉപയോഗിക്കാതെ തോന്നിയ ഇടങ്ങളിലാണ് വീട്ടു മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞ് പോവുന്നത്. എന്നാല്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ഇനി തോന്നിയ ഇടത്ത് മാലിന്യം വലിച്ചെറിയാന്‍ സാധിക്കില്ല. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഗ്രാമപഞ്ചായത്തിനു മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നിങ്ങളെ കാത്തിരിക്കുന്നത് 2,500 രൂപയുടെ പാരിതോഷികമാണ്.

പൊതുസ്ഥലങ്ങളില്‍ ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നത് കണ്ടാല്‍ 7558066070 എന്ന നമ്പറിലേലേക്കാണ് നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്‌. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയുടെ പേരു വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

നിലവിലുള്ള മാലിന്യ നിര്‍മാര്‍ജ്ജന നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഏത് പ്രവര്‍ത്തികളും ജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. ഉദാഹരണത്തിന് മാലിന്യം വലിച്ചെറിയുക, നിക്ഷേപിക്കുക, ദ്രവമാലിന്യം ഒഴുക്കിക്കളയുക ഇത്തരത്തിലുള്ള എന്ത് പ്രവര്‍ത്തി ചെയ്താലും റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യം നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ ഏതൊരു വ്യക്തിക്കും ഉടന്‍ തന്നെ വാട്‌സ്ആപ്പ് നമ്പറില്‍ കുറ്റകൃത്യം നടത്തുന്ന ആളിനെയും മാലിന്യം തള്ളാനായി കൊണ്ടുവന്ന വാഹനം തിരിച്ചറിയാന്‍ സഹായിക്കുന്ന തെളിവ് സഹിതം(ഫോട്ടോ, വീഡിയോ, സ്ഥലം, സമയം ഉള്‍പ്പെടെ) റിപ്പോര്‍ട്ട് ചെയ്യാം.

ഇനി വെറുതെ ഏതെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ച് പാരിതോഷികം വാങ്ങാം എന്നാണ് ധാരണയെങ്കില്‍ അത് മാറ്റിവെച്ചോളൂ. വിശ്വസനീയമായ വിവരങ്ങള്‍ തെളിവുകള്‍ സഹിതമാണ് പഞ്ചായത്തിന് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

കഴിഞ്ഞ ദിവസമായിരുന്നു തദ്ദേശ വകുപ്പ് പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ ദൃശ്യങ്ങളടക്കം കാണിച്ചുകൊടുത്താല്‍ പാരിതോഷികം നല്‍കമെന്ന ഉത്തരവിറക്കിയത്. ഇത്തരത്തില്‍ വിവരം കൈമാറിയാല്‍ ഏഴ് ദിവസത്തിനകം തീര്‍പ്പുണ്ടാക്കണം എന്നാണ് ഉത്തരവില്‍ പറയുന്നത്. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് പിഴ ഈടാക്കിയാല്‍ 30 ദിവസത്തിനകം വിവരം നല്‍കിയ ആളിന്റെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പാരിതോഷികം ട്രാന്‍സ്ഫര്‍ ചെയ്യണം.