സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 12കുപ്പി വിദേശമദ്യം പേരാമ്പ്ര എക്‌സൈസ് പിടികൂടി; ചങ്ങരോത്ത് സ്വദേശിയും വാഹനവും കസ്റ്റഡിയില്‍


പേരാമ്പ്ര: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 12കുപ്പി വിദേശ മദ്യം പേരാമ്പ്ര എക്‌സൈസ് പിടികൂടി. ബുധനാഴ്ച രാത്രി ടൗണില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് വിദേശമദ്യം പിടികൂടിയത്. മദ്യം കടത്തിയ ചങ്ങരോത്ത് വില്ലേജില്‍ ആവടുക്ക ദേശത്ത് കിളച്ചപ്പറമ്പത് അരവിന്ദനെയും വാഹനവും കസ്റ്റഡിയില്‍ എടുത്തു.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സബീറലിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാത്രി എട്ടേകാലോടെയായിരുന്നു സംഭവം. KL 56 G 5958 ഹോണ്ട ആക്റ്റീവാ സ്‌കൂട്ടറിലാണ് മദ്യം കടത്താന്‍ ശ്രമിച്ചത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിജു, ഷാജി, അനൂപ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കും.