യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്: ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ് എസ്.സുനന്ദും പത്രിക നല്‍കി


പേരാമ്പ്ര: യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് എസ്.സുനന്ദും പത്രിക നല്‍കി. എ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് സുനന്ദ് മത്സരത്തിനിറങ്ങുന്നത്.

നിലവിലെ അസംബ്ലി പ്രസിഡന്റായ തനിക്ക് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിന്തുണയോടെയാണ് താന്‍ മത്സരിക്കാന്‍ ഇറങ്ങുന്നതെന്നും സുനന്ദ് പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് 15 പേരാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. പി.വി മുഹമ്മദ് ഷാഹിദാണ് ഐ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി. ടി. സിദ്ദീഖിനോടൊപ്പമുള്ള വിഭാഗവും കെ.സി വേണുഗോപാലിനൊപ്പമുള്ളവരും ഇതുവരെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടില്ല. 60 പേരാണ് ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നല്‍കിയിരിക്കുന്നത്.

സി.വി ആദില്‍ അലി, കെ.വി അനഘ, ബുഷന്‍ ജംഹര്‍, ജില്‍ജോ ജോര്‍ജ്, വി ഋഷികേശ്, എം.പി ജംഷിദ്, പി. ജഷീം അലി, വി. മുഹമ്മദ് ഹസീബ്, നന്ദന ചേലക്കല്‍, എന്‍.കെ നിഷാന്ത്, കെ.എം രബിന്‍ലാല്‍, റിനേഷ് ബാല്‍, പിഎം റിയാസ് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയ മറ്റുള്ളവര്‍.