ഗതാഗതക്കുരുക്കിനി ഓർമ്മയാകും, വികസന ചിറകിലേറി പേരാമ്പ്ര; ബൈപാസ് നാളെ ജനങ്ങൾക്കായി തുറന്നു നൽകും
പേരാമ്പ്ര: പേരാമ്പ്രയുടെ വികസനകുതിപ്പിന് ചിറക് നല്‍കി ബൈപ്പാസ് റോഡ്. പേരാമ്പ്ര ബൈപ്പാസ് എന്ന സ്വപ്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 30 ന് നാടിന് സമര്‍പ്പിക്കും. റോഡ് തുറന്ന് നല്‍കുന്നതോടെ കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയിലെ പേരാമ്പ്രയിലുണ്ടാവാറുള്ള നീണ്ട വാഹനനിരകള്‍ക്കും നഗരത്തിലെ ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമാകും. ബൈപ്പാസ് നാടിന് സമർപ്പിക്കുന്നതോടെ പേരാമ്പ്രക്കാരുടെ ഏറെനാളത്തെ ആവശ്യം കൂടിയാണ് നിറവേറപ്പെടുന്നത്. പേരാമ്പ്രയുടെയും സമീപ പ്രദേശങ്ങളുടെയും വികസന മുന്നേറ്റത്തിന് വലിയ സാധ്യതകള്‍ തുറന്ന് നല്‍കാനും പുതിയ റോഡിനായേക്കും. യാത്ര സുഗമമാക്കുകഎന്നതിനപ്പുറം സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അഭിവൃദ്ധിക്കു കൂടി ബൈപാസ് വഴിയൊരുക്കുമെന്നാണ് നാട്ടുകാരുടെ വിശ്വാസം.
കിഫ്ബി പദ്ധതിയില്‍ ഉൾപ്പെടുത്തി 58.29 കോടി രൂപ അനുവദിച്ച് 2.78 കിലോ മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി ആധുനിക നിലവാരത്തിലാണ് ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 2021 ഫെബ്രുവരി 14 ന് പൊതുമരാമത്ത്, രജിസ്ട്രേഷൻ മന്ത്രിയായിരുന്ന ജി.സുധാകരനാണ് ബെെപ്പാസിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. 2021 ഓഗസ്റ്റ് അവസാനമായപ്പോഴേക്കും ബൈപാസിന്റെ പ്രാരംഭ പ്രവൃത്തികള്‍ ആരംഭിച്ചിരുന്നു. നവംബറില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പേരാമ്പ്രയിലെത്തി ബൈപാസ് പ്രവൃത്തി നേരിട്ട് വിലയിരുത്തുകയും ചെയ്തു. വെറും ഒന്നരവര്‍ഷത്തിനുള്ളിലാണ് പേരാമ്പ്ര ബൈപ്പാസ് പ്രവൃത്തി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്ന് നല്‍കാന്‍ ഒരുങ്ങുന്നത്.
പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും ടി.പി.രാമകൃഷ്ണൻ എം.എൽ.എ, മുൻ എം.എൽ.എ കെ. കുഞ്ഞമ്മത് മാസ്റ്റര്‍ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഉയര്‍ന്ന നിലവാരത്തില്‍ ബൈപ്പാസ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സഹായകമായി.
ഗതാഗത പ്രശ്നത്തിന് അറുതി വരുത്തി കോഴിക്കോട് നഗരത്തിലേക്ക് നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിൽ നിന്ന് വരുന്നവർക്കും കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്നവർക്കും സമയ നഷ്ടമില്ലാതെ യാത്ര ചെയ്യാന്‍ പേരാമ്പ്ര ബൈപ്പാസ് വലിയ ആശ്വാസമായി മാറും.