നാളീകേര കര്‍ഷകര്‍ക്ക് കൈ താങ്ങായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്: മുറിച്ചു മാറ്റുന്ന തെങ്ങൊന്നിന് 1000 രൂപയും ഒരു തൈയ്യും


പേരാമ്പ്ര: കേടുവന്ന തെങ്ങുകള്‍ മുറിച്ചു മാറ്റി പകരം തെങ്ങിന്‍ തൈകള്‍ വെച്ചു പിടിപ്പിക്കുന്ന പദ്ധതിക്ക് പേരാമ്പ്രയില്‍ തുടക്കം. പദ്ധതി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചക്കിട്ടപാറ, നൊച്ചാട് ഗ്രാമ പഞ്ചായത്തുകളിലാണ് ഈ വര്‍ഷം പദ്ധതി ആരംഭിച്ചത്.

മുറിച്ചു മാറ്റുന്ന തെങ്ങൊന്നിന് 1000 രൂപയും ഒരു തൈയ്യും കര്‍ഷകന് ആനുകൂല്യമായി പദ്ധതിയിലൂടെ ലഭിക്കും. 15 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി നീക്കിവെച്ചിരിക്കുന്നത്. ഫെബ്രുവരി 28 നകം പദ്ധതി പൂര്‍ത്തീകരിക്കും.

ചക്കിട്ടപാറ സര്‍വ്വീസ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാ ശശി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനീതാ മനോജ്, കര്‍ഷക പ്രതിനിധികളായ ഏ.ജി ഭാസ്‌ക്കരന്‍, പള്ളുരുത്തി ജോസഫ്, ബേബി കാപ്പുകാട്ടില്‍, ബിജു ചെറുവത്തൂര്‍, രാജന്‍ വര്‍ക്കി, കുഞ്ഞമ്മത് പെരിഞ്ചേരി, റജി കോച്ചേരി, കൃഷി ഓഫീസര്‍ ജിജോ ജോസഫ്, ബാങ്ക് പ്രസിഡന്റ് പി.പി.രഘുനാഥ് എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.ബിന്ദു പദ്ധതി വിശദീകരിച്ചു.