ഒരു ജീവിയെ കണ്ട് പുറകിലോട്ട് തിരിഞ്ഞപാടെ ശരീരമാസകലം ഓടിവന്ന് കുത്തി, പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വിരല്‍ മുറിച്ചു മാറ്റേണ്ടിവരും; കാട്ടുപന്നി ആക്രമണത്തിന്റെ ഞെട്ടൽ മാറാതെ എരവട്ടൂര്‍ സ്വദേശിനി ചാലില്‍ സന്ധ്യ


പേരാമ്പ്ര: കോഴി കുഞ്ഞുങ്ങള്‍ കരയുന്ന ശബ്ദം കേട്ട് പുറകുവശത്തെ വരാന്തയിലേക്ക് പോയതാണ്. എന്തോ ഒരു ജീവിയെ കണ്ടു, പുറകിലോട്ട് തിരഞ്ഞപാടെ പുറത്തും തോളിലുമെല്ലാം കാട്ടുപന്നി ഓടിവന്ന് കുത്തുകയായിരുന്നു. കഴിഞ്ഞ ശനിയായ്ച്ച പേരാമ്പ്രയിലുണ്ടായ കാട്ടുപന്നി ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നുകൊണ്ട് എരവട്ടൂര്‍ ചാലില്‍ സന്ധ്യ പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. ആക്രമണത്തില്‍ സന്ധ്യ ഉള്‍പ്പെടെ ഏഴ് പേര്‍ക്കായിരുന്നു പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റത് സന്ധ്യയ്ക്കായിരുന്നു.

കാട്ടുപന്നിയുടെആക്രമണത്തില്‍ കൈവിരലിനും വലിയ രീതിയില്‍ പരിക്കേറ്റു. നാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും പോവേണ്ടതുണ്ട്. പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വിരല്‍ മുറിച്ചു മാറ്റേണ്ടതായി വരുമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നതെന്ന് സന്ധ്യയുടെ ഭര്‍ത്താവ് ചാലില്‍ അനീഷ് പറഞ്ഞു. പേവിഷബാധയോ മറ്റോ ഉണ്ടാവുമോ എന്ന കാര്യത്തില്‍ സംശയമുള്ളതിനാല്‍ അന്ന് ഇതിനായി ചികിത്സയൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നാളെയോടെയേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു പേരാമ്പ്രയെയാകെ വിറപ്പിച്ച് കാട്ടുപന്നിയുടെ ആക്രമണം. കല്ലോട്, എരവട്ടൂര്‍, പേരാമ്പ്ര ഹൈസ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലുള്ള ഏഴുപേര്‍ക്കാണ് പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നത്. പേരാമ്പ്ര ഹൈസ്‌കൂളിന് സമീപത്തെ സുനില്‍ കുമാര്‍, എരവട്ടൂര്‍ സ്വദേശി മുള്ളന്‍ കുന്നുമ്മല്‍ സുരേന്ദ്രന്‍, അയല്‍വാസിയായ മുള്ളന്‍ കുന്നുമ്മല്‍ ഹസ്സന്‍, കല്ലോട് സ്വദേശി ചേനിയ കുന്നുമ്മള്‍ ശ്രീജിത്ത്, കല്ലോട് തന്നെയുള്ള കൂമുള്ളതില്‍ മീത്തല്‍ വിപിന്‍, ഹൈസ്‌കൂളിന് സമീപമുള്ള കല്ലില്‍ സതീശന്‍ എന്നിവരായിരുന്നു പരിക്കേറ്റ മറ്റുള്ളവര്‍.

അതേസമയം പേരാമ്പ്രയില്‍ ഭീതി പരത്തിയ കാട്ടുപന്നിയെ കണ്ടാലുടന്‍ വെടിവെച്ചു കൊല്ലാന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പഞ്ചായത്ത് പരുതിയില്‍ മൃഗങ്ങളെ വെടിവെച്ചു കൊല്ലാന്‍ ലൈസന്‍സുള്ള കല്ലോട് സ്വദേശിയായ വാസു എന്നയാളെ ചുമതലപ്പെടുത്തി.

ഞായറാഴ്ച്ചയും പേരാമ്പ്രയുടെ ചില ഭാഗങ്ങളില്‍ കാട്ടുപന്നിയെ കണ്ടതായി നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വാസുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും കാട്ടുപന്നിയെ കണ്ടെത്താനായിരുന്നില്ല.

പഞ്ചായത്ത് പരിധിയില്‍ കഴിഞ്ഞദിവസമുണ്ടായ കാട്ടുപന്നി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി സാമ്പത്തികസഹായം ലഭ്യമാക്കണമെന്ന് 19ാം വാര്‍ഡ് പഞ്ചായത്തംഗം കെ.കെ. പ്രേമന്‍ ആവശ്യപ്പെട്ടു. കാട്ടുപന്നിയുടെ ശല്യം തുടര്‍ച്ചയായി അനുഭവപ്പെടുന്ന മേഖലയില്‍ വനപാലകര്‍ പരിശോധന നടത്തി പന്നിയെ വെടിവെച്ചുകൊല്ലാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.