പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്: അനിശ്ചിത കാല സമരം തുടങ്ങുമെന്ന് സമരസമിതി



പേരാമ്പ്ര: തൊഴില്‍ പ്രശ്‌നം മൂലം അടച്ചിട്ട പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്‍ഡ് സാനിറ്ററീസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. സ്ഥാപനത്തിന് മുന്നില്‍ സി.ഐ.ടി.യു , ബി.എം.എസ് തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്തില്‍ സമരം ശക്തമാകുന്നതിനിടെയാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.

അതേസമയം ജീവനക്കാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കളും വ്യക്തമാക്കി. സ്ഥാപനത്തില്‍ പത്ത് വര്‍ഷത്തോളമായി തൊഴിലെടുക്കുന്ന ഏഴുപേരെ പിരിച്ച് വിട്ടതുമൂലമാണ് വിക്ടറി ടൈല്‍സ് സ്ഥാപനത്തിന് നേരെ ജീവനക്കാര്‍ സമരത്തിനിറങ്ങിയത്. തൊഴിലാളികള്‍ക്ക് പി.എഫ്, ഇ.എസ്.ഐ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഒന്നും തന്നെ സ്ഥാപനം നല്‍കിയിരുന്നില്ലയെന്നും ജീവനക്കാര്‍ ആരോപിച്ചിരുന്നു.

കോടതി വിധി മാനിക്കുന്നതിനോടൊപ്പം ജീവനക്കാരെ തിരിച്ചെടുക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ ഇവരുടെ മറ്റ് സ്ഥാപനങ്ങളിലേക്ക് സമരം വ്യാപിക്കുമെന്നും നേതാക്കള്‍ പ്രതികരിച്ചു.

പ്രശ്‌നത്തില്‍ രണ്ട് പ്രാവശ്യം പേരാമ്പ്രയിലെ വ്യാപാര സമിതി നേതാക്കളും പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തിലും ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

പ്രശ്‌ന സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പോലീസിന്റെ വന്‍ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.