തൊഴിലുറപ്പ് പദ്ധതി: തൊഴിൽ ദിനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം, സംസ്ഥാന തലത്തിൽ പത്താം സ്ഥാനം; ഒന്നാമനായി പേരാമ്പ്ര


പേരാമ്പ്ര: തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ തൊഴിൽ ദിനത്തിൽ ഒന്നാമതെത്തി പേരാമ്പ്ര. ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചാണ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തിയത്.

സംസ്ഥാനതലത്തിൽ പേരാമ്പ്രയ്ക്ക് പത്താം സ്ഥാനമാണ്. 3,21,340 തൊഴിൽദിനങ്ങൾ സൃഷ്ടിച്ച് 1472 കുടുംബങ്ങൾക്ക് 100 തൊഴിൽദിനങ്ങൾ നൽകാൻ ഗ്രാമ പഞ്ചായത്തിന് സാധിച്ചു. 2022-2023 സാമ്പത്തികവർഷം 12.51 കോടിയുടെ പദ്ധതിയാണ് നടപ്പാക്കിയത്.

53,030 തൊഴിൽദിനങ്ങൾ സൃഷ്ടിച്ച് എസ്.സി. കുടുംബങ്ങൾക്ക് ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ നൽകാനായത് പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ നേട്ടങ്ങളിലൊന്നാണ്.

പഞ്ചായത്തിലെ ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യമൊരുക്കുക, മണ്ണ്-ജല സംരക്ഷണം, ദുർബലവിഭാഗങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുക എന്നീ പ്രവർത്തനങ്ങളെല്ലാം തൊഴിലുറപ്പ് പദ്ധതി മുറ നടപ്പാക്കാൻ കഴിഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾ, മേറ്റുമാർ, ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരുടെ കൂട്ടായ ശ്രമവും മികച്ച പ്രവർത്തനങ്ങളും മൂലമാണ് ഈ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.