ആവേശ പോരാട്ടത്തിനൊടുവല്‍ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ രണ്ടാസ്ഥാനവുമായി പേരാമ്പ്ര ഉപജില്ല; 326 പോയന്റുമായി മുക്കം ഒന്നാം സ്ഥാനം നിലനിര്‍ത്തി


പേരാമ്പ്ര: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ജില്ലാ കായിക മേളയില്‍ രണ്ടാം സ്ഥനവുമായി പേരാമ്പ്ര ഉപജില്ല. ഒമ്പതു സ്വര്‍ണവും എട്ട് വെള്ളിയും 10 വെങ്കലവുമായി 79 പോയന്റാണ് പേരാമ്പ്ര ഉപജില്ല നേടിയത്. കായിക മേളയില്‍ പങ്കെടുത്ത നിരവധി കുട്ടികള്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചു. ആണ്‍കുട്ടികളുടെ സീനിയര്‍ ബോയ്‌സ് ജാവലിന്‍ ത്രോയില്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജി. ധൃഷ്ണു ഒന്നാം സ്ഥാനം നേടി. സ്‌കൂള്‍ വിഭാഗത്തില്‍ പേരാമ്പ്ര ഉപജില്ലയില്‍ നിന്നുള്ള കുളത്തുവയല്‍ സെയ്ന്റ് ജോര്‍ജ് എച്ച്.എസ്.എസ് 55 പോയിന്റുമായി മൂന്നാം സ്ഥാനം നിലനിര്‍ത്തി.

മെഡിക്കല്‍ കോളേജിലെ ഒളിമ്പ്യന്‍ അബ്ദുറഹ്മാന്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ കായികമേളയില്‍ മുക്കം ഉപജില്ല ഒന്നാം സ്ഥനം കരസ്ഥമാക്കി. 35 സ്വര്‍ണവും 42 വെള്ളിയും 20 വെങ്കലവുമായി 326 പോയന്റ് നേടിയാണ് ഇക്കുറിയും മുക്കം കീരീടം സ്വന്തമാക്കിയത്. ഉപജില്ലയ്ക്കായി 241 പോയന്റ് നേടിക്കൊടുത്തത് പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് എച്ച്.എസ്സാണ്. 66 പോയന്റ് നേടി ബാലുശ്ശേരിയാണ് മൂന്നാമത്.

സ്‌കൂള്‍വിഭാഗത്തില്‍ പുല്ലൂരാംപാറ 29 സ്വര്‍ണവും 31 വെള്ളിയും 15 വെങ്കലവും നേടി. 62 പോയന്റ് നേടി പൂവമ്പായി എ.എം.എച്ച്.എസാണ് രണ്ടാമത്. 55 പോയന്റുമായി കുളത്തുവയല്‍ സെയ്ന്റ് ജോര്‍ജ് എച്ച്.എസ്.എസാണ് മൂന്നാമത്. മേളയില്‍ പങ്കെടുത്ത 72 സ്‌കൂളുകളില്‍ 67 സ്‌കൂളുകളും മെഡല്‍ പട്ടികയില്‍ ഇടം നേടി. ഇതില്‍ 24 സ്‌കൂളുകളാണ് സ്വര്‍ണം കരസ്ഥമാക്കിയത്.

കായികമേളയുടെ സമാപനസമ്മളനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, കോഴിക്കോട് ഡി.ഡി.ഇ. സി. മനോജ് കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം. ഷംജിത്ത്, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ കെ.എം.എ. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വ്യക്തിഗത ചാമ്പ്യന്മാര്‍

സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്. പുല്ലൂരാംപാറയിലെ സി.പി. അഭിജിത്ത് ഹൈജമ്പിലും ലോങ്ജമ്പിലും ട്രിപ്പിള്‍ ജമ്പിലും സ്വര്‍ണം നേടി 15 പോയന്റുമായി വ്യക്തിഗത ചാമ്പ്യനായി.

സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ്. പയമ്പ്രയിലെ കെ.വി. ലക്ഷ്മിപ്രിയ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടി 13 പോയന്റുമായി വ്യക്തിഗത ചാമ്പ്യനായി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 200, 100 ഓട്ടമത്സരത്തിലും ലോങ്ജമ്പിലും സ്വര്‍ണം നേടി 15 പോയന്റുമായി സായ് കോഴിക്കോടിലെ പി. അമല്‍ വ്യക്തിഗത ചാമ്പ്യനായി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ്, ലോങ് ജമ്പ്, ട്രിപ്പിള്‍ജന്പ് എന്നിവയില്‍ സ്വര്‍ണം നേടി സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്. പുല്ലൂരാംപാറയിലെ എയ്ഞ്ചല്‍ ജെയിംസും വ്യക്തിഗത ചാമ്പ്യനായി.

സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 400, 600 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിമെഡലും നേടി സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്. പുല്ലൂരാംപാറയിലെ കെ.ജെ. ഹരികൃഷ്ണയും വ്യക്തിഗത ജേതാവായി.

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടുസ്വര്‍ണവും ഒരു വെള്ളിയും നേടി സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്. പുല്ലൂരാംപാറയിലെ ദയ മറിയ ഷിന്റോ വ്യക്തിഗത ചാമ്പ്യനായി.

summary: perambra sub district also won the second place in the district school sports fair