പേരാമ്പ്ര ചേര്‍മല കോളനിക്കാര്‍ ഇനി അധികകാലം പണംകൊടുത്ത് കുടിവെള്ളം വാങ്ങേണ്ടിവരില്ല: കുടിവെള്ള ടാങ്ക് നിര്‍മ്മിക്കാന്‍ 30 സെന്റ് അനുവദിച്ച് പഞ്ചായത്ത്


പേരാമ്പ്ര: ശുദ്ധമായ ജലം കുടിക്കാന്‍ കിട്ടണമെന്ന പേരാമ്പ്ര കോളനിക്കാരുടെ ആഗ്രഹം സഫലമാകാന്‍ ഇനി അധികകാലം കാത്തിരിക്കേണ്ടിവരില്ല. ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യാനുള്ള പ്രധാന തടസമായിരുന്നു ചേര്‍മലയില്‍ കുടിവെള്ള ടാങ്ക് സ്ഥാപിക്കാനാവാത്തത്. എന്നാലിപ്പോള്‍ ചേര്‍മലയില്‍ കുടിവെള്ള ടാങ്ക് നിര്‍മ്മിക്കാന്‍ 30 സെന്റ് സ്ഥലം പേരാമ്പ്ര പഞ്ചായത്ത് ഭരണസമിതി അനുവദിച്ചിരിക്കുകയാണ്.

വര്‍ഷങ്ങളായി കലങ്ങിയ വെള്ളമാണ് ചേര്‍മല നടുക്കണ്ടിമീത്തല്‍ കുടിവെള്ള പദ്ധതിയില്‍ നിന്ന് പൈപ്പിലൂടെ ചേര്‍മല കോളനിഭാഗത്തേക്ക് എത്തുന്നത്. അത് കുടിക്കാന്‍ പറ്റാറില്ല. വേനല്‍ക്കാലമാകുമ്പോള്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമാകും. പല വീട്ടുകാരും ആയിരം ലിറ്ററിന് 600 രൂപ നല്‍കി വെള്ളം വാങ്ങേണ്ടിയും വന്നിരുന്നു.

പഞ്ചായത്തില്‍ ജലജീവന്‍ പദ്ധതി നടപ്പാക്കാന്‍ നേരത്തെ പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും ചിലമ്പ വളവില്‍ ഇതിനായി ഉപയോഗിക്കുന്ന ടാങ്കില്‍ നിന്ന് ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തുമായിരുന്നില്ല. ഈപ്രശ്‌നം പരിഹരിക്കാനാണ് ചേര്‍മലയില്‍ മറ്റൊരു ടാങ്ക് നിര്‍മ്മിക്കാന്‍ ജല അതോറിറ്റി തീരുമാനിച്ചത്. ഇതിനുള്ള സ്ഥലം വിട്ടുകിട്ടാന്‍ ജല അതോറിറ്റി പഞ്ചായത്തിന് കത്തുനല്‍കി കാത്തിരിക്കുകയായിരുന്നു.

22 ലക്ഷം ലിറ്റര്‍ സംഭരമശേഷിയുള്ള ടാങ്കാണ് ചേര്‍മലയില്‍ നിര്‍മ്മിക്കുക. ചിലമ്പ വളവിലെ ടാങ്കില്‍ നിന്ന് രണ്ടാമത്തെ ടാങ്കിലേക്ക് വെള്ളമെത്തിച്ച് ഉയര്‍ന്ന ഭാഗങ്ങളില്‍ എത്തിക്കാനാണ് പദ്ധതി. ഇതിനായി 25.7 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്.

Summary: perambra panchayath allotted land for chermala colony drinking water project