‘ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ’; ലഹരി വിരുദ്ധ ക്യാമ്പയിനുമായി പഞ്ചായത്ത്


പേരാമ്പ്ര: പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ രണ്ട് മാസം നീളുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ‘ലഹരിയോട് പേരാമ്പ്രേന്ന് പോകാമ്പറ’ എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. നവംബര്‍ 1ന് ആരംഭിച്ച് 2023 ജനുവരി 1ന് സമാപിക്കുന്ന തരത്തിൽ വിപുലമായ പ്രചാരണ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുക.

ക്യാമ്പയിന്‍റെ പ്രചാരണ പോസ്റ്റര്‍ പേരാമ്പ്ര എ.എസ്.പി ടി.കെ.വിഷ്ണു പ്രദീപ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ.ലിസിക്ക് നല്‍കി പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി സംഘാടകസമിതിയും രൂപീകരിച്ചു.

ചടങ്ങില്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, വൈസ് പ്രസിഡന്റ് കെ.എം. റീന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മിനി പൊന്‍പറ, പഞ്ചായത്തംഗം വിനോദ് തിരുവോത്ത്, പഞ്ചായത്ത് സെക്രട്ടറി എല്‍.എന്‍ ഷിജു, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ അഭിലാഷ് തിരുവോത്ത് എന്നിവര്‍ പങ്കെടുത്തു.

ക്യാമ്പയിനിന്റെ ഭാഗമായുളള ആലോചനാ യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാംസ്കാരിക-വ്യാപാര സംഘടനകളുടെ പ്രിതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.

Summary: Perambra Panchayat with anti-drug campaign