ആധുനിക രീതിയില്‍ നവീകരിച്ച റോഡുകള്‍; പേരാമ്പ്ര – നൊച്ചാട് – തറമ്മല്‍ റോഡ് നാടിന് സമര്‍പ്പിച്ചു
പേരാമ്പ്ര: ആധുനിക രീതിയില്‍ നിര്‍മ്മിച്ച പേരാമ്പ്ര-നൊച്ചാട്-തറമ്മല്‍ റോഡ് നാടിന് സമര്‍പ്പിച്ചു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര, നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 8.56 കിലോമീറ്റര്‍ ദൂരത്തിലാണ് പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തറമ്മലങ്ങാടിവരെയുള്ള റോഡ് നിര്‍മിച്ചത്. 10 കോടി രൂപ ചെലവില്‍ ആധുനികരീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് റോഡിന്റെ നിര്‍മാണം. റോഡിനോട് ചേര്‍ന്ന് കലുങ്കുകളും അഴുക്കുചാലുകളും നിര്‍മിച്ചിട്ടുണ്ട്. ആവശ്യമുള്ളയിടങ്ങളില്‍ സൈന്‍ ബോര്‍ഡുകളും റോഡ് മാര്‍ക്കിങ്ങുകളും നല്‍കി സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
റോഡ്‌സ് ഡിവിഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എ എം സുഗതന്‍, പി എന്‍ ശാരദ, ടി പി ദാമോദരന്‍, വി കെ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. റോഡ്‌സ് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ യു പി ജയശ്രീ സ്വാഗതവും എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി കെ രഞ്ജി നന്ദിയും പറഞ്ഞു.