‘കളിചിരിയുമായി പൊന്നുമോന്‍ ഞങ്ങളുടെ കൂടെ വേണം’, പാലേരിയിലെ കുഞ്ഞു ഇവാന്റെ ചികിത്സയ്ക്ക് വേണ്ടത് 18 കോടിരൂപയുടെ മരുന്ന്; നമുക്ക് കൈകോര്‍ക്കാം


പേരാമ്പ്ര: പിച്ച വച്ചു തുടങ്ങും മുൻപേ എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) എന്ന ജനിതക രോഗത്തിന്റെ പിടിയിലായ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഒരുനാട് കൈകോർക്കുന്നു. പേരാമ്പ്ര പാലേരി കല്ലുള്ളതിൽ നൗഫൽ- ജാസ്മിൻ ദമ്പതികളുടെ മകൻ മുഹമ്മദ് ഇവാന് വിദേശത്ത് നിന്നും മരുന്നെത്തിക്കാൻ വേണ്ടത് 18 കോടി രൂപയാണ്. ഈ തുക കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

ഒരു വയസ്സും 9 മാസവും പ്രായവുമായ കുഞ്ഞിന് ഉടനെ വിദഗ്ധ ചികിത്സ നൽകാനാണ് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർമാർ നിർദേശിച്ചത്. വിദേശത്തു നിന്നെത്തിക്കുന്ന മരുന്നിന് 18 കോടിയോളമാണ് വില. കോവിഡ് കാലത്ത് ഗൾഫിലെ ഡ്രൈവർ ജോലി നഷ്ടമായി നാട്ടിൽ മടങ്ങിയെത്തിയ പാലേരി കല്ലുള്ളതിൽ നൗഫലിനും ഭാര്യ ജാസ്മിനും അത്രയും വലിയ തുക സ്വപ്നം കാണാൻ പോലുമാകില്ല. കുഞ്ഞിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് മാതാപിതാക്കള്‍.

ഇവാന്റെ ചികിത്സയ്ക്കായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട് കൈകോർക്കുകയാണ്. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ചെയർമാനും കെ.സിദ്ദീഖ് തങ്ങൾ കൺവീനറും സി.എച്ച്.ഇബ്രാഹിം കുട്ടി ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.

കല്ലുള്ളതിൽ മുഹമ്മദ് ഇവാൻ ചികിത്സാ സഹായ കമ്മിറ്റി പാലേരി എന്ന പേരിൽ ഫെഡറൽ ബാങ്ക് കുറ്റ്യാടി ശാഖയിൽ അക്കൗണ്ട് തുടങ്ങി.

അക്കൗണ്ട് നമ്പർ: 20470200002625

IFSC: FDRL0002047

ഗൂഗിൾ പേ നമ്പർ: 7034375534 (എൻ.എം.ജാസ്മിൻ)