ചലനമറ്റ കാലുകൾക്ക് സ്നേഹത്തിന്റെ കരുതലേകി പേരാമ്പ്രയിലെ പ്രവാസി; ദേവികയുടെ യാത്രകൾ ഇനി ഇലക്‌ട്രോണിക്‌ വീൽ ചെയറിൽ


പേരാമ്പ്ര: സ്വന്തമായി ചലിക്കാൻ കഴിയില്ലെങ്കിലും സ്വപ്നങ്ങൾക്ക് പുറകേയുള്ള സഞ്ചാരത്തിലാണ് കെെതക്കൽ സ്വദേശിനി ദേവിക. യാത്രയ്ക്ക് വേ​ഗത കൂട്ടാൻ ഇനി ദേവികയ്ക്കൊപ്പം ഇലക്‌ട്രോണിക്‌ വീൽ ചെയറുമുണ്ടാകും. ബട്ടണിൽ വിരലമർത്തി സ്‌നേഹചക്രം തിരിച്ചാൽമതി ദേവികയ്ക്കിനി.

കൈതക്കലിലെ മണ്ണത്താംകണ്ടി അനിൽ കുമാറിന്റെ മകളായ ദേവിക നൊച്ചാട് ഹയർസെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. ചലന ശേഷി ഇല്ലാത്തതിിനാൽ സ്വന്തമായൊരും ഇലട്രോണിക് വിൽചെയറെന്നത് ദേവികയുടെ സ്വപ്നമായിരുന്നു. പ്രവാസി വ്യവസായി പേരാമ്പ്രയിലെ സൈലന്റ്‌ വാലി വി ടി വിനോദാണ് ദേവികയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയത്. അര ലക്ഷത്തോളം രൂപയുടെ ഇലക്ട്രോണിക് വീൽ ചെയർ അദ്ദേഹം ദേവികക്ക്‌ സമ്മാനിക്കുകയായിരുന്നു. പേരാമ്പ്ര ബിആർസിയുടെ ഇടപെടലുമുണ്ടായിരുന്നു.

ടി പി രാമകൃഷ്ണൻ എംഎൽഎ ദേവികയുടെ വീട്ടിലെത്തി വീൽ ചെയർ കൈമാറി. ചടങ്ങിൽ നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ എം കുഞ്ഞിക്കണ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷിജി കൊട്ടാരക്കൽ, ആതിര, രഞ്ജിത്, അനുശ്രീ ചന്ദ്രൻ, ഷിജി, വി.പി നിത, കെ ഷാജിമ എന്നിവർ സംസാരിച്ചു.

Summary: Perambra native donate an electronic wheelchair to Devika