പണിമുടക്കിയവര്‍ക്ക് പണികിട്ടും; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ മിന്നല്‍ പണിമുടക്കില്‍ നാല്‍പ്പത് ബസുകള്‍ക്കെതിരെ നടപടി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ


പേരാമ്പ്ര: കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ മിന്നല്‍ പണിമുടക്കു നടത്തുന്ന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒ രാജന്‍ പി.പി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മിന്നല്‍ പണിമുടക്ക് നടത്തിയ നാല്‍പ്പത് ബസ്സുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വടകര ആര്‍.ടി.ഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി അദ്ദേഹം അറിയിച്ചു. മിന്നല്‍ പണിമുടക്ക് പാടില്ലെന്ന ആര്‍.ടി.ഒയുടെയും പോലീസിന്റേയും നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ബസുകള്‍ പണിമുടക്ക് നടത്തിയിരിക്കുന്നത്. അതിനാലാണ് പെര്‍മിറ്റ് വയലേഷന്‍ നടത്തിയ ബസ്സുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

അതേസമയം ഇന്നലെ സമരത്തെ എതിര്‍ത്തുകൊണ്ട് സര്‍വീസ് നടത്തിയ രണ്ട് ബസ്സുകള്‍ സമരാനുകൂലികള്‍ തകര്‍ക്കുകയുണ്ടായി. ഈ കേസില്‍ നാലുപേരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇന്ന് രണ്ട് ബസ് സര്‍വീസ് നടത്തി. നിലവില്‍ ബസ് സമരം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

രണ്ടു ദിവസമായി കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ തുടരുന്ന ബസ് സമരത്തില്‍ തീര്‍ത്തും വലഞ്ഞിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളാണ്. ഇന്നലെയും ഇന്നുമായി ബസ് സമരം ഉണ്ടെന്നറിയാതെ എത്തിയ യാത്രക്കാര്‍ പളരെ പ്രയാസത്തിലായി. വിവിധ ഡിപ്പോകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ അധിക ട്രിപ്പ് നടത്തിയെയെങ്കിലും യാത്രാദുരിതം പരിഹരിക്കുന്നതിന് ഉതകുന്നതായിരുന്നില്ല.

വെള്ളിയാഴ്ച്ച ഉള്ള്യേരി ബസ് സ്റ്റാന്റില്‍ വെച്ചുണ്ടായ തര്‍ക്കവും കൈയ്യാങ്കളിയുമാണ് ബസുകളുടെ മിന്നല്‍ പണിമുടക്കിലേക്ക് നയിച്ചത്. അത്തോളി പോലീസ് ഇടപെട്ട് തര്‍ക്കം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികളുടെ വാട്‌സാപ്പ് കൂട്ടായ്മ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.

ഈ വര്‍ഷം അരഡസനിലേറെ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്കാണ് റൂട്ടിലുണ്ടായത്. നേരത്തെ മിന്നല്‍ പണിമുടക്കുണ്ടായപ്പോള്‍ ബസുടമകള്‍, തൊഴിലാളി സംഘടനകള്‍, പോലീസ്, ആര്‍.ടി.ഒ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ മിന്നല്‍ പണിമുടക്ക് പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയതാണ് ഈ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് സമരം നടത്തുന്നത്.

summary: perambra joint RTO take action on the strike of buses on kuttyadi-kozhikode route