അറിവിന്റെ വെളിച്ചം പകര്‍ന്ന് 75 സംവത്സരങ്ങള്‍; വാര്‍ഷികാഘോഷ പരിപാടികള്‍ക്കും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനുമൊരുങ്ങി പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍
പേരാമ്പ്ര: അറിവിന്റെ ലോകത്തേക്ക് ആയിങ്ങക്കണക്കിന് വിദ്യാരര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്തിയ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍. നിരവധി ചരിത്ര സ്മരണകള്‍ പങ്കുവെക്കപ്പെട്ട സ്‌കൂളിന്റെ വാര്‍ഷികാഘോഷ പരിപാടികളും സ്‌കൂളിനായ് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വിപുലമായ് ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് നാട്.
ജൂണ്‍ 12ന് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും. സ്‌കൂളിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം വടകര എംപി കെ മുരളീധരനും സ്‌കൂള്‍ ഗ്രൗണ്ടിന്റെ നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണനും നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സദസ്സ് സ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികൂടിയായ ബിജിന്‍കൃഷ്ണ ഐഎഎസ് ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ചടങ്ങിന് അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ആര്‍.കെ രജീഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത്, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി, ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ലിസി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.എം സജു, അര്‍ജ്ജുന്‍ കറ്റയാട്ട് തുടങ്ങി നിരവധിപേര്‍ പങ്കാളികളാകും.
തുടര്‍ന്ന് സാംസ്‌കാരിക സദസ്സ്, ഗാനമേള, കലാസായഹ്നം, സംസ്ഥാന കലോത്സവത്തില്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, സമീപവാസികള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും അരങ്ങേറും.