‘ആരംഭിച്ചത് 614 സംരംഭങ്ങൾ, 1263 പേര്‍ക്ക് തൊഴിൽ ലഭ്യമാക്കി’; ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം’ പദ്ധതിയിൽ മികച്ച പ്രകടനവുമായി പേരാമ്പ്ര


പേരാമ്പ്ര: കേരള സര്‍ക്കാരിന്റെ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം’ പദ്ധതിയുടെ പേരാമ്പ്ര നിയോജക മണ്ഡലതല അവലോകന യോഗം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംരംഭകര്‍ക്ക് കൂടുതല്‍ സഹായകരമാകുന്ന വിധത്തില്‍ കെട്ടിട നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക, മണ്ഡലത്തില്‍ ഉള്‍പ്പെട്ട പെരുവണ്ണാമൂഴി, ചേര്‍മല തുടങ്ങിയ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.

പേരാമ്പ്ര മണ്ഡലത്തിലെ പഞ്ചായത്തുകളിലെ നിലവിലെ പ്രവര്‍ത്തനങ്ങളും സംരംഭ സാധ്യതകളും യോഗം അവലോകനം ചെയ്തു.

614 സംരംഭങ്ങളാണ് നിലവില്‍ പേരാമ്പ്ര നിയമസഭാ മണ്ഡലത്തില്‍ ആരംഭിച്ചത്. സംരംഭ വര്‍ഷത്തിന്റെ ഭാഗമായി നിശ്ചയിച്ച ടാര്‍ഗറ്റിന്റെ 60% തോളം ആറ് മാസം കൊണ്ട് പൂര്‍ത്തികരിച്ചു. 43.01 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. 1263 പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭ്യമാക്കാനും കഴിഞ്ഞു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രമോദ്, കെ.സുനില്‍, ശാരദ പട്ടേരികണ്ടി, സുഗുണന്‍ മാസ്റ്റര്‍, കെ.കെ നിര്‍മ്മല, കെ.ടി രാജന്‍, സി.കെ ഗിരീഷ്, വൈസ് പ്രസിഡന്റുമാര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പേരാമ്പ്ര വ്യവസായ വികസന ഓഫീസര്‍ അമര്‍നാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പേരാമ്പ്ര പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം, ഇ.ഐ മാനേജര്‍ കെ.സലീന, എ.ഡി.ഐ.ഒ അജിത് കുമാര്‍, മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ വി.കെ സുധീഷ് കുമാര്‍, പന്തലായനി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി.ബിന്ദു, പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍, വ്യവസായ വകുപ്പ് ഇന്റേണ്‍സ് എന്നിവര്‍ പങ്കെടുത്തു.

Summary: Perambra has performed well in the ‘One Year One Lakh Initiative’ project